MT VASUDEVAN NAIR
എം ടി കേരളത്തിന് നികത്താനാവാത്ത നഷ്ടം; മന്ത്രി മുഹമ്മദ് റിയാസ്
ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ സംസ്‌കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കോഴിക്കോട്| എംടിയുടെ വിയോഗം കേരളത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എംടിയെ കാണുമ്പോള്‍ കൂടല്ലൂരിലെ വിശേഷങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ സംസ്‌കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ താന്‍ നിരന്തരം എംടിയുടെ വീട്ടില്‍ എത്തിയിരുന്നു. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് എംടിയുടെ സംസ്‌കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.