Connect with us

Oman

യു എ ഇ-ഒമാന്‍ റെയില്‍ പദ്ധതിയില്‍ മുബാദല നിക്ഷേപിക്കും; ഇരു രാജ്യങ്ങളുടെയും ഗതാഗത, ലോജിസ്റ്റിക് മേഖലകളില്‍ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി

പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഒമാന്‍ റെയില്‍-ഇത്തിഹാദ് റെയില്‍ സംയുക്ത സംരംഭമായ ഒമാന്‍ ഇത്തിഹാദ് റെയില്‍ കമ്പനി, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

Published

|

Last Updated

അബൂദബി | യു എ ഇ യെ ഒമാനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പദ്ധതിയില്‍ അബൂദബി മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി നിക്ഷേപം നടത്തും. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഒമാന്‍ റെയില്‍-ഇത്തിഹാദ് റെയില്‍ സംയുക്ത സംരംഭമായ ഒമാന്‍ ഇത്തിഹാദ് റെയില്‍ കമ്പനി, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അല്‍ ഹാഷ്മിയും മുബാദല യു എ ഇ ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം യു എ ഇ ഇന്‍ഡസ്ട്രീസ് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബഖീത് അല്‍ കത്തീരിയുമാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്.

പദ്ധതി വിവിധ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് യു എ ഇ ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രിയും ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി ചെയര്‍മാനുമായ സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞു. റെയില്‍ ശൃംഖല സ്ഥാപിക്കുന്നത് യു എ ഇയും ഒമാനും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങളുടെ വിപുലീകരണമാണെന്നും ഇത്തിഹാദ് റെയിലും ഒമാന്‍ റെയിലും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ ശൃംഖലയിലൂടെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ, പാര്‍പ്പിട കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളെ ഈ സംയുക്ത സംരംഭം പരിവര്‍ത്തനം ചെയ്യുകയും വാണിജ്യ, സാമൂഹിക ഐക്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനിയും മുബദലയും തമ്മിലുള്ള സഹകരണ കരാര്‍ ഇരു രാജ്യങ്ങളിലെയും നിക്ഷേപം, സാമ്പത്തിക വളര്‍ച്ച, സമഗ്ര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

303 കിലോമീറ്റര്‍ പാത രണ്ട് ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ വ്യാപാര, വിനോദസഞ്ചാര അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 303 കിലോമീറ്റര്‍ പാത എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നതില്‍ വ്യക്തതയായിട്ടില്ല. പാസഞ്ചര്‍ സര്‍വീസുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലും ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലും സര്‍വീസ് നടത്തും. ട്രെയിന്‍ അബൂദബിക്കും സോഹാറിനും ഇടയിലുള്ള യാത്രാ സമയം 100 മിനുട്ടായും മസ്‌കത്തിന്റെ വടക്ക് ഭാഗത്തേക്കുള്ള യാത്രാ സമയം 100 മിനുട്ടായും സോഹാറില്‍ നിന്ന് അല്‍ ഐനിലേക്കുള്ള യാത്രാ സമയം 47 മിനുട്ടായും കുറയ്ക്കും.

ഒമാനിലെ ആഴക്കടല്‍ തുറമുഖമായ സോഹാറുമായി യു എ ഇയുടെ നിലവിലുള്ള ചരക്ക് സേവന ലൈനിനെ ബന്ധിപ്പിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സംയുക്ത നിക്ഷേപങ്ങള്‍ കൂടാതെ, അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനും സാമ്പത്തികമായ സാധ്യതാ പഠനങ്ങള്‍ നടത്തുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും സംയുക്ത സമിതികളുടെയും രൂപവത്കരണവും മുബാദലയുമായുള്ള സഹകരണ കരാറില്‍ ഉള്‍പ്പെടും.

 

 

Latest