Connect with us

Kerala

മുതലപ്പൊഴി: പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കണ്ട് അടൂര്‍ പ്രകാശ് എം പി

സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ ഉടന്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്.

Published

|

Last Updated

തിരുവനന്തപുരം | മുതലപ്പൊഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ ഉടന്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ പൊലിയുന്ന മുതലപ്പൊഴി ഹാര്‍ബറില്‍ സുരക്ഷിതത്വ നടപടികള്‍ കൈക്കൊള്ളുന്നതിന് ഇനിയും കാലതാമസം അരുതെന്ന് എം പി മന്ത്രിയോട് അഭ്യര്‍ഥിച്ചു.

മുതലപ്പൊഴിയിലെ പ്രശ്‌നം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും മേഖലയിലെ വിദഗ്ധരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തു നിന്നും പദ്ധതിരേഖ ലഭിച്ചതിനു ശേഷം ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

2019 മുതല്‍ നിരവധി തവണ പാര്‍ലിമെന്റിലും ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ടും മുതലപ്പൊഴിയിലെ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ശാസ്ത്രീയ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പതിവ് പ്രഖ്യാപനങ്ങളല്ലാതെ ആത്മാര്‍ഥമായ നടപടികള്‍ ഉണ്ടാവുന്നില്ല.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനാ സ്‌കീമില്‍ സംസ്ഥാനം സമര്‍പ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസല്‍ അപര്യാപ്തമെന്നു പറഞ്ഞ് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ മടക്കി നല്‍കിയിരുന്നു. ഹാര്‍ബര്‍ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കി പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.