Uae
മുഗള്‍ ഗഫൂര്‍ അവാര്‍ഡ് ബാവ ഹാജിക്ക്
അബുദബി മലയാളി സമാജത്തില്‍ നടന്ന മുഗള്‍ ഗഫൂര്‍ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിലാണ് യുവകലാസാഹിതി അബുദാബി അവാര്‍ഡ് പ്രഖ്യാപിച്ചത്.
അബുദബി | സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയവര്‍ക്കായി യുവകലാസാഹിതി അബുദാബി നല്‍കുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി ബാവ ഹാജിക്ക്. പ്രവാസഭൂമിയില്‍ നീണ്ട 56 വര്‍ഷത്തെ സേവനവും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സംഭാവനകളും പരിഗണിച്ചാണ്ആദരവ് നല്‍കുന്നത്. അബുദബി മലയാളി സമാജത്തില്‍ നടന്ന മുഗള്‍ ഗഫൂര്‍ പതിമൂന്നാം അനുസ്മരണ സമ്മേളനത്തിലാണ് യുവകലാസാഹിതി അബുദാബി അവാര്‍ഡ് പ്രഖ്യാപിച്ചത്.
56 വര്‍ഷമായി അബുദാബിയില്‍ പ്രവാസജീവിതം നയിക്കുന്ന ബാവ ഹാജി, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റ് ആയി തുടരുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി ഐഐസിയുടെ കീഴില്‍ ‘അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍’ ആരംഭിച്ചത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളില്‍ ഒന്നാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പുതന്നെ ‘പ്രവാസി ഭാരതീയ സമ്മാനം’ ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 15-ന് അബുദാബി കേരളസോഷ്യല്‍സെന്ററില്‍ സംഘടിപ്പിക്കുന്ന ‘യുവകലാസന്ധ്യ 2025’ ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ അവാര്‍ഡ് ബാവ ഹാജിക്ക് സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചുള്ളതാണ് ഈ പുരസ്‌കാരം. യുവകലാസാഹിതി അബുദാബി പ്രവര്‍ത്തകര്‍ അറിയിച്ചു.