Kasargod
മീലാദ് സന്ദേശവുമായി ജനറൽ ആശുപത്രിയിൽ മുഹിമ്മാത്തിന്റെ കാരുണ്യ സ്പർശം
ആശുപത്രിയിലേക്ക് അത്യാവശ്യമായിരുന്ന ഹീറ്റർ, വീൽ ചെയർ തുടങ്ങിയ ഉപകരണങ്ങളും സമ്മാനിച്ചു.
കാസർകോട് | മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷനു കീഴിൽ പത്ത് ദിവസമായി നന്നു വരുന്ന മീലാദുന്നബി ആഘോഷ ഭാഗമായി ജനറൽ ആശുപത്രിയിലേക്ക് അത്യാവശ്യ ഉപകരണങ്ങളും രോഗികൾക്ക് ഫ്രൂട്ട് കിറ്റുകളും സമ്മാനിച്ച് മുഹിമ്മാത്ത് കാരുണ്യ സ്പർശം. രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കുമായി 500 ലേറെ ഫ്രൂട്ട് കിറ്റുകളാണ് വിതരണം ചെയ്തത്. ആശുപത്രിയിലേക്ക് അത്യാവശ്യമായിരുന്ന ഹീറ്റർ, വീൽ ചെയർ തുടങ്ങിയ ഉപകരണങ്ങളും സമ്മാനിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മുഹിമ്മാത്ത് സ്ഥാപനം ജനറൽ ആശുപത്രിയിലേക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കിയതിനു പുറമെ പ്രസവ വാർഡ് നവീകരണം, വെയ്റ്റിംഗ് ഷെഡ് നിർമാണം തുടങ്ങിയവ ചെയ്തു നൽകിയിരുന്നു.
ഉപകരണങ്ങളുടെ കൈമാറ്റം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ മുകുന്ദക്ക് മുഹിമ്മാത്ത് ഫിനാൻസ് സെക്രട്ടറി ഹാജി അമീറലി ചൂരി നൽകി നിർവഹിച്ചു. മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂർ സ്വാഗതം പറഞ്ഞു.
അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ജമാൽ ഡോക്ടർ സാഹിർ, സിസ്റ്റർ അൻസാമ്മ, സാമൂഹ്യ പ്രവർത്തകൻ കുഞ്ഞു മാഹിൻ, മുഹിമ്മാത്ത് വൈ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ദുബായ് പി ആർ ഒ ഇബ്രാഹിം സഖാഫി തുപ്പക്കൽ, സൗദി പി ആർ ഒ സിദ്ധീഖ് സഖാഫി ഉറുമി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുൽ ഫത്താഹ് സഅദി, മുഹമ്മദ് കുഞ്ഞി ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു.