riyas moulavi murder case
മുഹമ്മദ് റിയാസ് മൗലവി കൊലക്കേസില്‍ വിധി ഇന്ന്
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത്
കാസര്‍കോട് | പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഇന്ന് വിധി പറയും.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ സംഘപരിവാര്‍ പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത്. മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്ക് അകത്തെ മുറിയില്‍ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടു ത്തുകയായിരുന്നു. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്ത തിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.
കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലു കളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.