From the print
മുഹമ്മദ് യൂനുസ്; ഹസീനയുടെ മുഖ്യശത്രു, വിദ്യാർഥികൾക്ക് പ്രിയങ്കരൻ
അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങൾ മാതൃകയാക്കിയ ഗ്രാമീണ ബേങ്കിംഗ് സംവിധാനത്തിന് ജന്മം നൽകിയ യൂനുസ് 2006ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി.
ധാക്ക | ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെ നയിക്കാൻ പ്രക്ഷോഭകർ മുന്നോട്ടുവെച്ച, മുഹമ്മദ് യൂനുസ് രാജ്യം വിട്ട പ്രധാനമന്ത്രി ശൈഖ ഹസീനയുടെ മുഖ്യശത്രു. ബംഗ്ലാദേശി സാമൂഹിക സംരംഭകനായ യൂനുസ് 1940 ജൂൺ 28ന് ചിറ്റഗോംഗിലാണ് ജനിച്ചത്. അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങൾ മാതൃകയാക്കിയ ഗ്രാമീണ ബേങ്കിംഗ് സംവിധാനത്തിന് ജന്മം നൽകിയ യൂനുസ് 2006ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി. സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം ബംഗ്ലാദേശിൽ മൈക്രോക്രെഡിറ്റ്, മൈക്രോഫിനാൻസ് എന്നീ ആശയങ്ങൾക്കും അടിത്തറ പാകി. പരമ്പരാഗത ബേങ്ക് വായ്പകളേക്കാൾ ദരിദ്രരായ സംരംഭകർക്ക് മൈക്രോക്രെഡിറ്റും മൈക്രോഫിനാൻസും വഴി ചെറിയ വായ്പകൾ നൽകുന്നതതിന് ഇത് കാരണമായി.
2007ൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ടിറങ്ങിയ മുഹമ്മദ് യൂനുസിന് ശൈഖ ഹസീനയിൽ നിന്നും അവരുടെ പാർട്ടിയിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടിവന്നു. 2011ൽ ഗ്രാമീണ ബേങ്കിന്റെ തലപ്പത്ത് നിന്ന് അദ്ദേഹത്തെ ഹസീനയുടെ സർക്കാർ പുറത്താക്കി. ഇതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ തെരുവിൽ മനുഷ്യച്ചങ്ങല തീർത്തു.
2009ൽ യുനൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, 2010ൽ കോൺഗ്രസ്സ് ഗോൾഡ് മെഡൽ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ യൂനുസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിനുള്ള മുഹമ്മദ് ശബ്ദീൻ അവാർഡ്, വേൾഡ് ഫുഡ് പ്രൈസ്, കിംഗ് ഹുസൈൻ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് അവാർഡ്, വോൾവോ എൻവയോൺമെന്റ് പ്രൈസ്, റീജ്യനൽ ഗ്രോത്ത് നിക്കി ഏഷ്യ പ്രൈസ്, ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് ഫ്രീഡം അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും യൂനുസിനെ തേടിയെത്തി. 2012 മുതൽ 2018 വരെ സ്‌കോട്്ലാൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ യൂനിവേഴ്‌സിറ്റിയുടെ ചാൻസലറായി സേവനമനുഷ്ഠിച്ചു. ഇതിന് മുമ്പ് ചിറ്റഗോംഗ് യൂനിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.
കേസും ശിക്ഷയും
ഈ വർഷം ജനുവരിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് യൂനുസിനെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ടെലികോം കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമനിധിയിൽ നിന്ന് ഏകദേശം 20 ലക്ഷം ഡോളർ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ശൈഖ ഹസീന സർക്കാർ 190 കേസുകളാണ് യൂനുസിനെതിരെ ചുമത്തിയിരിക്കുന്നത്.
ന്യൂയോർക്കിലും പ്രതിഷേധം
ബംഗ്ലാദേശിൽ സൈന്യം അധികാരം പിടിച്ചതിന്റെ അലയൊലികൾ അമേരിക്കയിലും. പ്രതിഷേധക്കാർ ന്യൂയോർക്കിലെ ബംഗ്ലാദേശ് കോൺസുലേറ്റിൽ ഇരച്ചുകയറി ശൈഖ് മുജീബുർറഹ്മാന്റെ ചിത്രങ്ങൾ നീക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ചിത്രം എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശ് പതാകയുടെ നിറമുള്ള തൊപ്പി വെച്ചെത്തിയവരാണ് കോൺസുലേറ്റിൽ കടന്നുകയറിയത്.
ബംഗ്ലാദേശിൽ ഈ വർഷം നടന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് യു എസ് വിദേശകാര്യ വകുപ്പ് ആരോപിച്ചിരുന്നു.