Connect with us

Malappuram

മുഹര്‍റം ആശൂറാഅ് സമ്മേളനം; ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍

പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.

Published

|

Last Updated

മലപ്പുറം | ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനം നാളെ സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ എട്ടിന് പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. കാല്‍ ലക്ഷം പേര്‍ക്കുള്ള നോമ്പുതുറയാണ് സജ്ജീകരിക്കുന്നത്. ഇമാം ഹുസൈന്‍(റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും.

ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍ വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി സംബന്ധിക്കും.

 

 

---- facebook comment plugin here -----