Connect with us

Malappuram

മുഹര്‍റം ആശൂറാഅ് സമ്മേളനം ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍

ഹിജ്റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം.

Published

|

Last Updated

മലപ്പുറം | ഇസ്‍ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനം ഈ മാസം ഒൻപതിന് ചൊവ്വാഴ്ച സ്വലാത്ത് നഗറില്‍ നടക്കും. പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹര്‍റത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതാകും പരിപാടികള്‍.

ഹിജ്റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. ഫസ്റ്റ് ഓഫ് മുഹര്‍റം, ഹിജ്‌റ സെമിനാര്‍, ഗോളശാസ്ത്ര ശില്‍പ്പശാല, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരങ്ങള്‍, മെസ്സേജ് ഡിസ്‌പ്ലേ, കാരുണ്യക്കിറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

മുഹര്‍റം സമ്മേളനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (തിങ്കള്‍, ചൊവ്വ) വനിതകള്‍ക്കായി രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ ഹോം സയന്‍സ് ക്ലാസും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. മഹളറത്തുല്‍ ബദ്‌രിയ്യക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.

ആശൂറാഅ് ദിനമായ ചൊവ്വാഴ്ച (മുഹര്‍റം 10) രാവിലെ 8ന് സമാപന സമ്മേളനത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.

കാല്‍ ലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. ഇമാം ഹുസൈന്‍(റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും.

മുഹര്‍റം ദുഖത്തിന്റെയും വേദനയുടെയും അവസരമായി അവതരിപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പെയ്തിറങ്ങിയ ഈ വേളകളെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവനിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടുമാണ് ചിലവഴിക്കേണ്ടത്. അതിനുള്ള അവസരമാണ് മുഹര്‍റം ആചരണത്തിലൂടെ മഅ്ദിന്‍ അക്കാദമി ഒരുക്കുന്നത്.

ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാന്റ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9645338343, 9633677722.

ഇതുസംബന്ധമായി വിളിച്ച പത്രസമ്മേളനത്തിൽ ദുല്‍ഫുഖാര്‍ അലി സഖാഫി, ഉമര്‍ മേല്‍മുറി, സഈദ് ഊരകം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സകരിയ്യ കോട്ടയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest