Connect with us

ആത്മായനം

പുനരാലോചനയുടെ മുഹര്‍റം

സഹജീവികളെ ബഹുമാനപൂർവം കാണണമെന്നാണ് ഇസ്‌ലാം നൽകുന്ന നിർദേശം. ഇതര മതങ്ങളെയോ വിഭാഗങ്ങളെയോ അവമതിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അതേസമയം, യഥാർഥ ദൈവിക മതം ഇസ്്ലാമാണെന്ന ഉറച്ച ബോധ്യം വിശ്വാസികൾക്കുണ്ട്. നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം നടത്തുന്ന രീതി ഇസ്‌ലാമിലില്ല. മറ്റുള്ളവരുടെ ആരാധനാലയങ്ങളെയോ അടയാളങ്ങളെയോ പരിഹസിക്കുന്ന/ പോറലേൽപ്പിക്കുന്ന നടപടികളും അതിനന്യമാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പാഠങ്ങളാണ് മതം എല്ലായ്പ്പോഴും മുന്നോട്ടുവെക്കുന്നത്. ഇസ്്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കുന്ന ഇതരമതസ്ഥർക്ക് പോലും അതീവ സുരക്ഷിതത്വമാണ് മതം വിഭാവനം ചെയ്യുന്നത്. സഹോദരങ്ങൾ എന്ന നിലക്ക് മനുഷ്യരുടെ പൊതു ആവശ്യങ്ങളിൽ പരസ്പരം സഹകരിക്കാനും മാനുഷിക ബന്ധങ്ങൾ നിലനിർത്താനും ബാധ്യതകൾ നിർവഹിക്കാനും ഇസ്്ലാം പഠിപ്പിക്കുന്നു.

Published

|

Last Updated

1446, ഹിജ്്രീ കലണ്ടർ പ്രകാരം പുതിയ വർഷത്തിലേക്ക് നാം പ്രവേശിച്ചു. ഇസ്്ലാമിക ചരിത്രത്തിലെ സുവർണ നൂലായ മദീന പലായനത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റാ കലണ്ടർ സംവിധാനിച്ചത്. AD 622 ൽ ഖലീഫ ഉമർ (റ) അതിന് നേതൃത്വം കൊടുത്തു. സ്നേഹിതരേ….മാറിമറിയുന്ന പകലന്തികളിൽ പഠിക്കാനും ഗ്രഹിക്കാനും ഏറെയുണ്ടെന്ന വിശുദ്ധ ഖുർആനിന്റെ ഓർമപ്പെടുത്തൽ (സൂറ: യൂനുസ് ) ഉൾക്കൊണ്ടവരെന്ന നിലയിൽ പുതിയ വർഷമെന്നത് വെറുതെയൊരു കലണ്ടർ മാറ്റമല്ല, ഇന്നലെകളിലെ വീഴ്ചകളെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ആലോചിച്ച് ഉചിതമായ തിരുത്തും വരുംകാലത്തേക്കുള്ള പ്രായോഗിക തീരുമാനങ്ങളും എടുക്കേണ്ട സമയമാണിത്. അവസാന വിചാരണക്കിരയാകും മുന്നേ സ്വയം വിചാരണ നടത്തുകയെന്നത് വിശ്വാസിയുടെ ശീലമാണ്. വാഹനങ്ങൾ സർവീസ് ചെയ്യും പോലെ അത് ഇടക്കിടെ സംഭവിക്കണം.

കാലത്തെ സാക്ഷിനിർത്തി മനുഷ്യന് സംഭവിക്കുന്ന വലിയ പരാജയങ്ങളെ സൂറത്തുൽ അസ്ർ വെളിപ്പെടുത്തിയത് നോക്കൂ… പുനരാലോചനയുടെ സമയത്ത് അധിക പ്രാധാന്യത്തോടെ കാണേണ്ടതാണ് അവയൊക്കെയും.

വിശ്വാസ രാഹിത്യം

കാലം മുന്നോട്ടടിവെക്കും തോറും വിവിധങ്ങളായ ആശയധാരകൾ നമുക്കിടയിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. നാസ്തികവാദമടക്കമുള്ള യുക്തിവാദ ചിന്താഗതികൾ വീടകങ്ങൾ മുതൽ ക്ലാസ്സിമുറികൾ വരെ പ്രചരിച്ചു. കേട്ടാൽ ചേലുള്ള ആശയങ്ങളാകും പക്ഷേ തൊട്ടാൽ നമ്മുടെ വിശ്വാസത്തെ കരിച്ചു കളയും. മനുഷ്യന്റെ പരിമിതബുദ്ധികൊണ്ട് മതത്തെ അളക്കുമ്പോഴാണ് അത്തരം കാഴ്ചപ്പാടുകളെ എടുത്തണിയുകയും യഥാർഥ വിശ്വാസത്തിൽ നിന്ന് പലരും ഉഴറിപ്പോവുകയും ചെയ്യുന്നത്. നിങ്ങളുടെ വിശ്വാസത്തെ പുതുക്കിക്കൊണ്ടിരിക്കണമെന്ന് റസൂൽ (സ്വ) സ്വഹാബത്തിനോട് നിർദേശിച്ചത് പുതിയ വികലാശയങ്ങൾ പെറ്റുപെരുകുമെന്നത് മുന്നേ കണ്ടതുകൊണ്ടാണ്.

സംശയങ്ങൾക്ക് അതിവേഗം ഉത്തരങ്ങൾ അന്വേഷിക്കണം. തീർപ്പാക്കാതെ ഉള്ളിലൊതുക്കുന്ന സംശയങ്ങൾ രോഗാണുക്കളെന്നപോലെ വിശ്വാസത്തെ കാർന്നു വ്രണപ്പെടുത്തും.
കാലം കഴിയും തോറും വിശ്വാസരാഹിത്യം ഗണ്യമായി ഉയരുകയാണ്. ശരീരം പോലെ മനുഷ്യരുടെ ഹൃദയം മരിക്കുന്ന ഈയൊരു കാലത്തെ കുറിച്ച് തിരുനബി (സ്വ) മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അന്ന് വിശ്വാസിയായി രാവിലെ ഉണരുന്നവൻ സന്ധ്യാനേരമാകുമ്പോഴേക്ക് അവിശ്വാസിയാകും.

അമ്പ് വില്ലിൽ നിന്നും തൊടുന്നു പോകും വേഗത്തിൽ ആളുകൾ വിശ്വാസത്തിൽ നിന്നും തെറിക്കും. അവർ വിശ്വാസത്തെ ഭൗതികതക്കു വേണ്ടി വിറ്റു തുലയ്ക്കും. അതിനെ പഴിക്കും. പഴഞ്ചനെന്ന് വിധിക്കും. ധാരുണമാണാ അവസ്ഥ. സഹൃദയരേ… വികലവാദങ്ങളുടെ കുത്തൊഴുക്കിൽ വിശ്വാസം സംരക്ഷിക്കുകയെന്നത് തീക്കനൽ കൈയിൽ മുറുക്കുന്നതിനേക്കാൾ തീക്ഷ്ണമാണ്. നിരവധി ഹദീസുകളിൽ ഈ അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്. മതത്തിനകത്ത് നിന്നും പുറത്തു നിന്നും ഒളിഞ്ഞും തെളിഞ്ഞും വരുന്ന തെറ്റായ വിശ്വാസങ്ങളെയും വിശ്വാസരാഹിത്യത്തെയും കരുതിയിരിക്കേണ്ട സമയമാണിത്.

ദുഷ്ചെയ്തികൾ

സർവ മേഖലയിലും പുരോഗമനം അതിദ്രുതം സംഭവിക്കുന്ന നേരത്ത് ദുഷ്ചെയ്തികളുടെ പുതിയ പതിപ്പുകളും ഉടലെടുക്കുന്നുണ്ട്. സാങ്കേതിക വികാസങ്ങളെ തെറ്റായ പ്രവണതകൾക്കുവേണ്ടി ഉപയോഗിക്കുന്ന ദയനീയ കാഴ്ചകൾക്ക് സാക്ഷികളാണ് നമ്മൾ. വഞ്ചന നിറഞ്ഞ ഓൺലൈൻ മാർക്കറ്റുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും പെരുകുന്ന കാലത്ത് നമുക്ക് ചെറിയ ജാഗ്രതയൊന്നും മതിയായില്ല. വിജനതയിൽ വരെ കുറ്റകൃത്യങ്ങൾ ചൊരിയപ്പെടുന്ന കാലമുണ്ടാകുമെന്ന് ഹദീസുകൾ മുന്നറിയിപ്പു തന്നതുമാണ്. സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമ്പോൾ അപകടത്തിന്റെ പടുകുഴികളെ സൂക്ഷിക്കണം. കാഴ്ചയും കേൾവിയും സ്പർശനവും ആലോചനകളും മലിനമാക്കുന്ന തരത്തിലാകരുത് നമ്മുടെ ഡിജിറ്റൽ ഉപയോഗം.

അവാസ്തവികതകളുടെ പങ്കുവെപ്പ്

കളവ് പ്രചരിപ്പിച്ചവർ അമ്പേ പരാജയപ്പെട്ടതേ ചരിത്രത്തിലുള്ളൂ. സത്യം പ്രചരിപ്പിച്ചവർ സർവ്വയിടത്തും വിജയ ശ്രീലാളിതരായി. ഇബ്റാഹിം നബി (അ), മൂസാ നബി (അ), നൂഹ് നബി (അ) തുടങ്ങിയ മുർസലുകളുടെ ചരിത്രമതാണു പഠിപ്പിക്കുന്നത്. വസ്തുതാ വിരുദ്ധ കാര്യങ്ങളെ പ്രചരിപ്പിക്കുന്ന രീതി വിശ്വാസിക്ക് ഭൂഷണമല്ല. ചാനലുകളുടെ റീച്ച് കൂട്ടാനും വ്യക്തികളുടെ പ്രസിദ്ധി വർധിക്കാനും ആളുകളെ ആകർഷിക്കാനും കളവ് പ്രചരിപ്പിക്കുന്ന രീതി കൂടിവരികയാണ്. വസ്തുതകൾ അന്വേഷിക്കാതെ ഹൈപ്പുണ്ടാക്കാൻ വാർത്തകളെ വളച്ചൊടിക്കുന്ന രീതി വൃത്തിഹീനമായ മാധ്യമപ്രവർത്തനമാണ്. ട്രോളുകളും പ്രാങ്കുകളുമായ് പ്രേക്ഷകരുടെ ചിരി പറ്റാൻ ചെയ്യുന്ന ക്രിയകൾ ചീത്ത സംസ്കാരത്തിന്റെ ഭാഗമാണ്. അത്തരം ചെയ്തികളിൽ നിന്ന് വിട്ടു നിൽക്കുന്ന സമയങ്ങളാകണം ഈ വർഷം.

അസഹിഷ്ണുത

സ്വന്തം അഭിരുചിക്ക് ഇണങ്ങാത്തതിനെയായാലും ക്ഷമയോടെ നോക്കിക്കാണാനും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് സഹിഷ്ണുത. വിയോജിപ്പുകളെ വിരോധങ്ങളായി കാണുകയും പകയിലേക്കും വൈരാഗ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് കൂടുതലാണ്. മതം, ജാതി, രാഷ്ട്രീയം, വർണം, വർഗം, വിശ്വാസം, ദേശം, ആഹാരം, വേഷം, ജോലി, ചിന്ത, ആചാരങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുക്കളായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നു.

സഹജീവികളെ ബഹുമാനപൂർവം കാണണമെന്നാണ് ഇസ്‌ലാം നൽകുന്ന നിർദേശം. ഇതര മതങ്ങളെയോ വിഭാഗങ്ങളെയോ അവമതിക്കുന്ന രീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അതേസമയം, യഥാർഥ ദൈവിക മതം ഇസ്്ലാമാണെന്ന ഉറച്ച ബോധ്യം വിശ്വാസികൾക്കുണ്ട്. നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം നടത്തുന്ന രീതി ഇസ്‌ലാമിലില്ല. മറ്റുള്ളവരുടെ ആരാധനാലയങ്ങളെയോ അടയാളങ്ങളെയോ പരിഹസിക്കുന്ന/ പോറലേൽപ്പിക്കുന്ന നടപടികളും അതിനന്യമാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പാഠങ്ങളാണ് മതം എല്ലായ്പ്പോഴും മുന്നോട്ടുവെക്കുന്നത്. ഇസ്്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കുന്ന ഇതരമതസ്ഥർക്ക് പോലും അതീവ സുരക്ഷിതത്വമാണ് മതം വിഭാവനം ചെയ്യുന്നത്.

സഹോദരങ്ങൾ എന്ന നിലക്ക് മനുഷ്യരുടെ പൊതു ആവശ്യങ്ങളിൽ പരസ്പരം സഹകരിക്കാനും മാനുഷിക ബന്ധങ്ങൾ നിലനിർത്താനും ബാധ്യതകൾ നിർവഹിക്കാനും ഇസ്്ലാം പഠിപ്പിക്കുന്നു. ഇസ്്ലാമിന്റെ ബദ്ധ വൈരികളായ ജൂതരോടു പോലും സൗഹൃദം നിലനിർത്തിയതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും ഉദാഹരണങ്ങൾ നബി(സ്വ)യുടെ ജീവിതത്തിലുണ്ട്. നബി (സ്വ) യെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ജൂത സ്ത്രീയുടെ ശല്യപ്പെടുത്തൽ ഒരു ദിവസം ഇല്ലാതായപ്പോൾ നബി(സ്വ) വിവരമന്വേഷിച്ചു. അപ്പോൾ അവർ രോഗിയാണെന്ന് അറിഞ്ഞു. ഉടൻ തിരുദൂതർ വീട്ടിൽ ചെന്ന് അവരെ സന്ദർശിച്ചു. ഏതു വിഭാഗമാണെങ്കിലും അയൽക്കാരന്റെ ക്ഷാമ- ക്ഷേമങ്ങൾ അറിയലും പരിഗണിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.

ഭീതിയും വെറുപ്പും പ്രചരിപ്പിക്കുന്നവനല്ല അവൻ. അവന്റെ നാക്കിൽ നിന്നും കൈകാര്യങ്ങളിൽ നിന്നും ഇതരർ സുരക്ഷിതരായിരിക്കും. ഇസ്്ലാം സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മതമാണെന്ന് നബി (സ്വ)യുടെ ജീവിതം കൊണ്ട് മാതൃക കാണിച്ചുതന്നു. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അന്യമതസ്ഥർക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനും ആരാധന നിർവഹിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഒരിക്കൽ നജ്റാനിലെ ക്രിസ്ത്യാനികൾ നബി(സ്വ)യുമായി സംസാരിക്കാൻ മസ്‌ജിദുന്നബവിയിൽ വന്നു. അവരുടെ പ്രാർഥനാ സമയമായപ്പോൾ ബയ്തുൽ മുഖദ്ദസിന് നേരെ തിരിഞ്ഞ് പ്രാർഥിക്കാൻ അവർക്ക് നബി(സ്വ) അനുമതി നൽകി (സാദുൽ മആദ്. 3:629).

പുതിയ വർഷം വിജയത്തിന്റെതായിരിക്കണം. വിശ്വാസത്തെയും സത്കർമങ്ങളെയും വസ്തുതകളെയും സഹിഷ്ണുതയെയും ജാഗ്രതയോടെ സംരക്ഷിക്കുന്ന സ്വഭാവം നമ്മിൽ വേരൂന്നണം.

Latest