Kasargod
മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച; ഉറൂസിന് ബുധനാഴ്ച കൊടി ഉയരും
അഞ്ച് ദിനം നീളുന്ന ആത്മീയ സാംസ്‌കാരിക പരിപാടികള്‍ ഞായറാഴ്ച രാത്രി നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ സമാപിക്കും.

പുത്തിഗെ | മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കും. അഞ്ച് ദിനം നീളുന്ന ആത്മീയ സാംസ്‌കാരിക പരിപാടികള്‍ ഞായറാഴ്ച രാത്രി നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ സമാപിക്കും.
മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 35 യുവ പണ്ഡിതര്‍ക്ക് സനദ് നല്‍കുന്ന ചടങ്ങ് വ്യാഴാഴ്ചയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ഉറൂസ് പരിപാടികള്‍ക്ക് ഔപചാരിക തുടക്കമാവും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് മുഗുറോഡില്‍ നിന്നും മുഹിമ്മാത്തിലേക്ക് നടക്കുന്ന വിളംബര ഘോഷ യാത്രക്ക് ശേഷം അഹ്ദല്‍ മഖാമില്‍ സിയാറത്ത് നടക്കും. മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. ദൗറത്തുല്‍ ഖുര്‍ആന്‍ ചടങ്ങിന് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി നേതൃത്വം നല്‍കും. സ്വാഗതസംഘം ട്രഷറര്‍ കല്ലങ്കടി ഉമ്പു ഹാജി അധ്യക്ഷത വഹിക്കും.
വ്യാഴാഴ്ച രാവിലെ എട്ടിന് ഹജ്ജ് പഠന പ്രാക്ടിക്കല്‍ ക്ലാസ് നടക്കും. അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും. സാംസ്‌ക്കാരിക സമ്മേളനം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ്. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദിര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ എ കെ എം അശ്റഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ അതിഥികളാവും. തുടര്‍ന്ന് ഹിഫ്ള്, ശരീഅ വിദ്യാര്‍ഥികളുടെ സ്ഥാനവസ്ത്ര വിതരണ ചടങ്ങ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച രാത്രി 7.30ന് സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും.
പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. ഏഴിന് (വെള്ളിയാഴ്ച) വൈകിട്ട് നാലിന് രിഫാഈ റാത്തീബ് മജ്ലിസ് നടക്കും. രാത്രി ഏഴ് മണിക്ക് കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.
ഫെബ്രവുവരി എട്ടിന് (ശനി) രാവിലെ തമിഴ് പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ കമാല്‍ സഖാഫി ചെന്നൈ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുഹ്‌യിദ്ദീന്‍ റാത്തീബ് മജ്ലിസ് നടക്കും. രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ 11ന് മൗലിദ് സദസ്സിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. വൈകിട്ട് 4.30ന് ഖത്തം ദുആ ചടങ്ങുകള്‍ക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സ്വാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നല്‍കും. ഉറൂസ് സമാപനമായി വൈകിട്ട് 6.30 മുതല്‍ അഹ്ദലിയ്യ ആത്മീയ സമ്മേളനം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, നൗഫല്‍ സഖാഫി കളസ, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ഡോ. മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍കട്ട തുടങ്ങിയവര്‍ പ്രസംഗിക്കും. തബറുക് വിതരണത്തോടെ സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി, മുഹിമ്മാത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി), സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ (പ്രസിഡന്റ്, എസ് എസ് എഫ് കേരള), കല്ലങ്കടി ഉമ്പു ഹാജി (ട്രഷറര്‍, സ്വാഗതസംഘം), അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്), ഹാജി അമീറലി ചൂരി (ട്രഷറര്‍ മുഹിമ്മാത്ത്), മൂസ സഖാഫി കളത്തൂര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം) പങ്കെടുത്തു.
.