hema committee
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ പീഡിപ്പിച്ചതായി നടി മിനു മുനീര്‍
തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പരാതി നല്‍കും

കൊച്ചി | നടന്‍മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നും മണിയന്‍പിള്ള രാജു ലൈംഗിക ബന്ധത്തിനു ക്ഷണിച്ചതായും നടി മിനു മുനീര്‍ വെളിപ്പെടുത്തി. തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ പരാതി നല്‍കുമെന്നും മിനു മുനീര്‍ പറഞ്ഞു.
പിന്നിലൂടെ കെട്ടിപ്പിടിക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത ജയസൂര്യ സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്നും പറഞ്ഞു. തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ട് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്നും ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെയാണ് ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.
മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. 2008ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു.