Connect with us

brinda karat

കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചില്ല എന്നതുകൊണ്ട് മുകേഷ് രാജിവയ്‌ക്കേണ്ട എന്ന നിലപാട് ശരിയല്ല: ബൃന്ദാ കാരാട്ട്

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍' എന്ന ലേഖനത്തിലാണ് ബൃന്ദ നിലപാട് വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ലൈംഗിക പീഡനാരോപണം നേരിട്ട കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചില്ല എന്നതു കൊണ്ട് മുകേഷ് രാജിവയ്‌ക്കേണ്ടതില്ല എന്ന വാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍’ എന്ന ലേഖനത്തിലാണ് ബൃന്ദ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് എം എല്‍ എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എം വിന്‍സന്റ് എന്നിവര്‍ക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി, മുകേഷ് രാജിവെക്കേണ്ടതില്ല എന്ന നിലപാട് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് ബാലിശമായ വാദമാണെന്നാണ് ബൃന്ദാ കാരാട്ട് ലേഖനത്തില്‍ പറയുന്നത്.

നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് തെറ്റാണെന്ന് ബൃന്ദ കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് എം എല്‍ എമാരെ സംരക്ഷിച്ചുവെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ അന്ന് അവരെ പിന്തുണച്ചുവെന്നും ബൃന്ദ വിമര്‍ശിച്ചു.

Latest