Connect with us

Kerala

മുകേഷ് രാജി വെക്കില്ല; ഇ പിക്ക് പരിമിതികളുള്ളതിനാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കി: എം വി ഗോവിന്ദന്‍

മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് ഓഴിവാക്കുമെന്നും എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം  | ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അതേ സമയം കേന്ദ്ര കമ്മറ്റിയല്‍ തുടരും. കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ ഇപിക്ക് പരിമിതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ടിപി രാമകൃഷ്ണനാണ് പകരം ചുമതല.

മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് ഓഴിവാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. മന്ത്രിമാര്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ രാജിവെച്ചിരുന്നു. അധികാര സ്ഥാനത്തിരുന്ന് അന്വേഷണം നേരിടുന്നത് ശരിയല്ലെന്നതിനാലാണിത്. എന്നാല്‍ എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ രാജിവെക്കേണ്ടതില്ല. കുറ്റാരോപിതര്‍ കുറ്റവിമുക്തനായി തിരികെ എത്തിയാല്‍ ഉപതിരഞ്ഞെടുപ്പിലൂടെയല്ലാതെ എംഎല്‍എ സ്ഥാനത്തേക്ക് എത്താന്‍ ആകില്ല. അതിനാല്‍ രാജി ആവശ്യത്തില്‍ ധാര്‍മികതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ പരാതികൾ ഉയർന്നു വന്നപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നമുക്ക് എല്ലാവർക്കും അറിയാം. മണിപ്പൂരിലെ സ്ത്രീകളുടെ വിഷയത്തിലും കേന്ദ്രം സ്വീകരിച്ച നിലപാടും നമുക്ക് അറിയാം. ഇന്ത്യ രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ബിജെപി 54, കോൺഗ്രസ് 23, ടിഡിപി 17, എഎപി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ ഉള്ളവർ പ്രതികളായിട്ടുണ്ട്. അവർ ആരും എംപി, എംഎൽഎ സ്ഥാനങ്ങൾ രാജിവച്ചില്ല. കേരളത്തിൽ രണ്ട് എംഎൽഎമാർക്കെതിരെ ഇപ്പോൾ കേസുണ്ട്. ഒരാൾ ജയിലിൽ‌ തന്നെ കിടന്നു.ഉമ്മൻ ചാണ്ടി, കു‍ഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, അനിൽ കുമാർ, ശശി തരൂർ തുടങ്ങിയവരുടെ പേരുകളിലെല്ലാം ഇത്തരം ആരോപണങ്ങൾ ഉയർന്നെങ്കിലും അവരാരും എംഎൽഎ, എംപി പദങ്ങൾ രാജിവച്ചിട്ടില്ല. മന്ത്രിസ്ഥാനങ്ങൾ രാജിവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം എക്സിക്യൂട്ടീവ് പദവിയാണ്. കു‍ഞ്ഞാലിക്കുട്ടി ഇത്തരം കേസിൽ പ്രതി ആയിരുന്നപ്പോൾ മന്ത്രി സ്ഥാനമാണ് രാജിവച്ചത്.

മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പികെ ശശിയെ പാർട്ടി ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിൻ്റെ ഭാഗമായുള്ള പദവിയാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. കേസ് അന്വേഷണത്തില്‍ എം എല്‍ എ എന്ന നിലയില്‍ അനുകൂല്യം നല്‍കില്ല. നീതി എല്ലാവര്‍ക്കും ലഭ്യാമക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Latest