Connect with us

Kerala

മുക്കം പീഡനശ്രമക്കേസ്: ഒളിവിലായിരുന്ന രണ്ട് പ്രതികളും കോടതിയില്‍ കീഴടങ്ങി

മുക്കത്തെ സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് മുക്കത്തെ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മുക്കത്തെ സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്തു തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ആലോചന. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പോലീസ് ഉടന്‍ പൂര്‍ത്തിയാക്കും.

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടയൊണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പോലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറി രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.

നട്ടെല്ലിനും ഇടുപ്പിനും പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്.

യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട് മൂന്ന് മാസമായി. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ ദേവദാസ് പ്രലോഭനത്തിന് ശ്രമിച്ചിരുന്നുവെന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കുടുംബം പറഞ്ഞു.

 

 

Latest