Connect with us

Kerala

മുള്ളമടക്കല്‍ കേസ്: കോടതി വിധി തെറ്റിദ്ധരിപ്പിച്ചവര്‍ക്ക് വഖ്ഫ് ബോര്‍ഡിൻ്റെ താക്കീത്

സുന്നി വിശ്വാസാചാരപ്രകാരം പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നത് തടയുകയും അവ വിലക്കുകയും ചെയ്തതിനെതിരെ സുന്നി പക്ഷമാണ് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്

Published

|

Last Updated

കോഴിക്കോട് | മുക്കം മുള്ളമടക്കല്‍ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ അവകാശ നിഷേധത്തിനെതിരെ കഴിഞ്ഞ നവംബര്‍ 13ന് സുന്നി പക്ഷം നല്‍കിയ പരാതിയില്‍ കേരള വഖ്ഫ് ബോര്‍ഡ് പുറപ്പെടുവിച്ച വിധിയെ പരിഹസിക്കുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും വിധിയില്‍ വ്യക്തതയില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്ത പള്ളി നടത്തിപ്പുകാരായ എതിര്‍കക്ഷികളെ ശക്തമായി താക്കീത് ചെയ്ത് വഖ്ഫ് ബോര്‍ഡ്.

പള്ളിയില്‍ മയ്യിത്ത് നിസ്‌കാരത്തോടനുബന്ധിച്ച് സുന്നി വിശ്വാസാചാരപ്രകാരം തഹ്്‌ലീല്‍ ചൊല്ലുന്നതും ഖുര്‍ആന്‍ ഓതുന്നതും ഉള്‍പ്പെടെ മയ്യിത്തിന് വേണ്ടി പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നത് തടയുകയും സുന്നി ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതിനെതിരെയാണ് സുന്നി പക്ഷം വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്. പരാതി പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനെയാണ് എതിര്‍കക്ഷികള്‍ സ്വന്തം താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് വെട്ടിലായത്.

വിധിയില്‍ വ്യക്തതയില്ലെന്നും ഖബര്‍സ്ഥാനില്‍ ചെയ്യുന്ന കര്‍മങ്ങളാണ് വിധിയില്‍ സൂചിപ്പിച്ചതെന്നും പള്ളിയില്‍ മയ്യിത്ത് നിസ്‌കാരത്തോടനുബന്ധിച്ചുള്ള തഹ്്‌ലീല്‍ ചൊല്ലുന്നതും ഖുര്‍ആനോതുന്നതും ഉള്‍പ്പെടെയുള്ള അനുബന്ധ ആചാരങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും ഈ വിധിയുമായി സുന്നി വിശ്വാസ ആചാരപ്രകാരം കര്‍മങ്ങള്‍ ചെയ്യാന്‍ പള്ളിയിലേക്ക് വന്നാല്‍ തടയുമെന്നുമായിരുന്നു എതിര്‍പക്ഷം പ്രചരിപ്പിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോടതി വളരെ രൂക്ഷമായാണ് എതിര്‍കക്ഷികളെ താക്കീത് ചെയ്തത്. മയ്യിത്ത് സംസ്‌കരണം എന്നാല്‍ പള്ളിയില്‍ വെച്ചുള്ള മയ്യിത്ത് നിസ്‌കാരവും അനുബന്ധ കര്‍മങ്ങളും ശേഷമുള്ള ഖബറടക്കവും ഉള്‍പ്പെടെയാണ്. മരിച്ച വ്യക്തി സുന്നിയാണെങ്കില്‍ പള്ളിയില്‍ അവരുടെ വിശ്വാസപ്രകാരം ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നും ഇത് തടസ്സപ്പെടുത്തുകയോ ഈ വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നത് കടുത്ത അവകാശ നിഷേധവും ഗുരുതര തെറ്റുമാണെന്നും കോടിതി ചൂണ്ടിക്കാട്ടി.

ഇനി ഇത്തരം അവകാശലംഘനം കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സുന്നി കാരണവരായിരുന്ന ആര്യംപറമ്പത്ത് മൊയ്തീന്‍ ഹാജിയാണ് 1953ല്‍ മുള്ളമടക്കല്‍ പള്ളിയും ഖബര്‍സ്ഥാനും സ്ഥാപിക്കുന്നതും വഖ്ഫ് ചെയ്യുന്നതും.

 

Latest