Connect with us

mullaperiyar dam

മുല്ലപ്പെരിയാർ; 152 അടിയാക്കും

നിലപാട് കടുപ്പിച്ച് തമിഴ്നാട്

Published

|

Last Updated

തൊടുപുഴ | മുല്ലപ്പെരിയാർ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദത്തിന്റെ അണപൊട്ടിക്കുമ്പോൾ ജലനിരപ്പ് 152 അടിയാക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്. ജലവിഭവ മന്ത്രി ദുരൈ മുരുകൻ നയിച്ച നാലംഗ മന്ത്രിതല സംഘമാണ് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് നിലപാട് കടുപ്പിച്ചത്. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ദുരൈ മുരുകൻ പറഞ്ഞു.

വിദഗ്ധ സമിതികൾ നിർദേശിച്ച എല്ലാ ബലപ്പെടുത്തലുകളും പൂർത്തിയാക്കിയിട്ടുണ്ട്. 1979ൽ ആരംഭിച്ച തർക്കത്തെ തുടർന്ന് ജലനിരപ്പ് ഉയർത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ബേബി ഡാം ബലപ്പെടുത്താൻ നിർദേശിച്ചത്. റൂൾ കർവ് പാലിക്കാനാണ് സ്പിൽവേ ഷട്ടറുകൾ ജലനിരപ്പ് 142 അടി എത്തുന്നതിന് മുമ്പ് തുറന്നതെന്നും ദുരൈ മുരുകൻ പറഞ്ഞു.

മുല്ലപ്പെരിയാർ വീണ്ടും തുറന്നതിനെതിരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ സമരത്തിലേക്ക് നീങ്ങവെ ഇതിനെ പ്രതിരോധിക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശപ്രകാരം മന്ത്രിസംഘം എത്തിയത്. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്ന അഞ്ച് ജില്ലകളിൽ എ ഐ എ ഡി എം കെയുടെ നേതൃത്വത്തിൽ ഒമ്പതിന് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. വൈകാരിക വിഷയമായ മുല്ലപ്പെരിയാറിൽ വിട്ടുവീഴ്ച ചെയ്യുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് കേരളത്തോട് പുലർത്തിയ അനുഭാവ സമീപനത്തിൽ നിന്ന് ഡി എം കെ സർക്കാറിന്റെ പിന്മാറ്റത്തിന് പിന്നിൽ.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തിയ ശേഷമായിരിക്കും ജലനിരപ്പ് 152 അടിയാക്കുകയെന്ന് ദുരൈ മുരുകൻ പറഞ്ഞു. കേരളം ഇതിനോട് സഹകരിക്കുന്നില്ല. ബേബി ഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ കേരളം തയ്യാറായിട്ടില്ല. വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണ് വിശദീകരണം. സഹകരണ മന്ത്രി ഐ പെരിയസ്വാമി, റവന്യൂ മന്ത്രി പി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആർ ചക്രപാണി എന്നിവരും തേനി ജില്ലയിലെ എം എൽ എമാരും സംഘത്തിലുണ്ടായിരുന്നു.