Kerala
മുല്ലപ്പെരിയാര്‍: ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869 232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050.
ഇന്ന് രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. ഏഴിന് തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ എത്താന്‍ താമസിച്ചതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് വൈകുകയായിരുന്നു. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 138.75 അടി ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. ജലനിരപ്പ് 138 അടിയായി കുറഞ്ഞാല്‍ ഷട്ടറുകള്‍ അടക്കും.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1,079 പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളാണുള്ളത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചപ്പാത്തുകളും പാലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.