Kerala
മുല്ലപ്പെരിയാര്‍ ഡാം; ആശങ്കയുടെ കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഡാം സംബന്ധിച്ച അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം.
ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കക്കിടയാക്കുന്നതൊന്നും നിലവിലില്ലെന്ന് സംസ്ഥാന ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം സംബന്ധിച്ച അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തന്റെ നേതൃത്വത്തില്‍ ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്യും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പാര്‍ലിമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഡീന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡാമിന്റെ കാര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന ആവശ്യവും ഡീന്‍ കുര്യാക്കോസ് ഉന്നയിച്ചു.