National
മുല്ലപ്പെരിയാര്‍ അണക്കെട്ട്: മേല്‍നോട്ട സമിതി ഇരുഭാഗത്തിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി
നിര്‍ദേശ പ്രകാരം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി റിപോര്‍ട്ട് സമര്‍പ്പിക്കണം.

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ മേല്‍നോട്ട സമിതി ഇരുഭാഗത്തിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണം. ശേഷം കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി, കോടതിക്ക് റിപോര്‍ട്ട് നല്‍കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു.
പ്രശ്‌നപരിഹാര നീക്കത്തിന്റെ ഭാഗമായി മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. നിര്‍ദേശ പ്രകാരം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം.
മുല്ലപ്പെരിയാര്‍ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും മേല്‍നോട്ട സമിതി ഉള്‍പ്പെടെ നിലവിലുള്ള സാഹചര്യത്തില്‍ അതിലൂടെ വിഷയങ്ങള്‍ പരിഹരിക്കാമല്ലോയെന്നും കോടതി പറഞ്ഞു.