Connect with us

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. 138.75 അടി ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. ജലനിരപ്പ് 138 അടിയായി കുറഞ്ഞാല്‍ ഷട്ടറുകള്‍ അടക്കും.

മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജില്ലാ അധികൃതരും വകുപ്പ ഉദ്യോഗസ്ഥന്മാരും ഡാമിന് സമീപത്തുണ്ട്. എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ എല്ലാ തടസങ്ങളും നീക്കിയിട്ടുണ്ട്. കേരളം സുസജ്ജമെന്നും ആശങ്ക വേണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യക്തമാക്കി. ഏത് തരത്തിലുള്ള സാഹചര്യവും നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഡാം പരിസരത്തെ 339 കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിനെ ഗൗരവമായി കാണും. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും റെഡ് അലര്‍ട്ടിന്റെ തയാറെടുപ്പുകള്‍ എടുത്തതായി മന്ത്രി കെ രാജന്‍ അറിയിച്ചു. വള്ളക്കടവിലാണ് വെള്ളം ആദ്യമെത്തുക. ഡാം തുറന്ന് 20-40 മിനുട്ടിനുള്ളില്‍ ജലം വള്ളക്കടവിലെത്തും.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ട് ക്യാമ്പുകള്‍ സജ്ജമാക്കി. ഒന്നില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 35 അംഗങ്ങളാണുള്ളത്. ഫയര്‍ ഫോഴ്സിന്റെ അഞ്ച് യൂനിറ്റുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചപ്പാത്തുകളും പാലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

 

Latest