Connect with us

DAM OPEN

മുല്ലപ്പെരിയാർ, മലമ്പുഴ, തെന്മല അണക്കെട്ടുകൾ ഇന്ന് രാവിലെ തുറക്കാൻ സാധ്യത

മുല്ലപെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Published

|

Last Updated

തൊടുപുഴ/ പാലക്കാട് | മുല്ലപ്പെരിയാർ, മലമ്പുഴ, തെന്മല അണക്കെട്ടുകൾ ഇന്ന് രാവിലെ തുറക്കാൻ സാധ്യത. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ അറിയിച്ചിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഇന്ന് ഏഴിന് 136 അടിയിലെത്തിയതിനാലാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്.

പാലക്കാട് മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഇന്നലെ വൈകിട്ട് ആറിന് 112.06 എം ആണ്. റൂള്‍ കര്‍വ് ലെവല്‍ 112.99 എം ആണ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ റൂള്‍ കര്‍വ് ലെവലില്‍ ജലനിരപ്പെത്താന്‍ സാധ്യതയുണ്ട്. റൂള്‍ കര്‍വ് ലെവല്‍ എത്തുന്ന മുറയ്ക്ക് സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ ഒന്‍പതിന് തുറക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ തീരങ്ങള്‍ താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണം.

തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 120 സെ മീ കൂടി ഉയർത്തി. നേരത്തേ 380 സെ മീ ഉയർത്തിയിരുന്നു. 04:30 ന് ആണ് കൂടുതൽ ഉയർത്തിയത്. 170 സെ മീ ഉയർത്തിയ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്നലെ വൈകീട്ട് 04:15 ന് 20 സെ മീയും ഉം 05:00ന് 20 സെ മിയും കൂടി ഉയർത്തി.

റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി വെള്ളി രാവിലെ 11 മുതൽ കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടുമെന്ന് കൊല്ലം ജില്ലാ കലക്ടർ അറിയിച്ചു. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണം.

അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004, മൊബൈൽ : 9447677800 (വാട്ട്സാപ്പ്), ടോൾ ഫ്രീ നമ്പർ : 1077
താലൂക്ക് കൺട്രോൾ റൂം

കരുനാഗപ്പള്ളി : 0476-2620233, കുന്നത്തൂർ : 0476-2830345, കൊല്ലം : 0474-2742116, കൊട്ടാരക്കര : 0474-2454623, പത്തനാപുരം : 0475-2350090, പുനലൂർ : 0475-2222605

ഇടുക്കി കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടർച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണി മുതൽ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി 10 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുകിവിടുന്നതിനുള്ള അനുമതി ജില്ലാ കലക്ടർ നൽകി. ഇക്കാരണത്താൽ കല്ലാർ ചിന്നാർ പുഴകളുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.