Kerala
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കി
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവ് റദ്ദാക്കാന്‍ തീരുനമാനമെടുത്തത്.
തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഉത്തരവ് വിവാദമായതിന് പിറകെ മരവിപ്പിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവ് റദ്ദാക്കാന്‍ തീരുനമാനമെടുത്തത്.
ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്.തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതോടെയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയ വിവരം പുറത്തറിഞ്ഞത്. പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നല്‍കിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അറിയാതെ ഉത്തരവിറക്കിയതാണെന്ന നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തി. തമിഴ്‌നാട് കേരളാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതോടെയാണ് മന്ത്രിസഭായോഗം ചേര്‍ന്ന് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.