National
മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതില്‍ സമവായമായില്ല
പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ കേരളം ഉറച്ച് നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് തമിഴ്‌നാട് കോടതിയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി| മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള ശിപാര്‍ശകള്‍ തയ്യാറാക്കുന്നതില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സമവായമായില്ല. സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാന്‍ മാത്രമാണ് ധാരണയായതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രിംകോടതിയെ അറിയിച്ചു.
പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ കേരളം ഉറച്ച് നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് തമിഴ്‌നാട് കോടതിയില്‍ പറഞ്ഞു. സമവായമാകാത്ത സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും നിര്‍ദേശങ്ങളില്‍ വാദം കേട്ട് തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ മേല്‍നോട്ട സമിതി സ്വീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേരളം തള്ളി. അണക്കെട്ടിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധര്‍ പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് വിയോജിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.