Connect with us

Kerala

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്: ജലവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനക്ക് പോയിട്ടില്ല; മന്ത്രി എ കെ ശശീന്ദ്രനെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍

ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍  പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം |  മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍  പറഞ്ഞു.

ഈ മാസം ഒന്നിന് അനൗദ്യോഗി യോഗം ചേര്‍ന്നിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധന ഫയലുകളുടെ ചുമതല ജല വിഭവ വകുപ്പിനായിരുന്നു എന്നാണ് മന്ത്രി ശശീന്ദ്രന്റെ ഇന്നലെ പറഞ്ഞത്. ഇതാണ് ജലവകുപ്പ് മന്ത്രി തള്ളിയത്.

നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചത്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റര്‍ മാത്രമാണ് ഉള്ളത്. യോഗത്തിന്റെ മിനിറ്റ്‌സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനയില്‍ പങ്കെടുത്തതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു.

ജലവിഭവ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ല. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ല. ഇക്കര്യത്തില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതിയ ഡാം മുല്ലപ്പെരിയാറില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ അതാണ് സര്‍ക്കാരിന്റെ നയമെന്നും അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വിശദീകരിച്ചു.