Kerala
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്: മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിയുന്നു; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന് തെളിവ് പുറത്ത്
അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്
തിരുവനന്തപുരം | മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി തമിഴ്‌നാടിന് മരംമുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിറങ്ങും മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു. നവംബര്‍ ഒന്നിന് ഇത് സംബന്ധിച്ച യോഗം ചേര്‍ന്നതിന്റെ രേഖ പുറത്തായി. അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.
അതേ സമയം നവംബര്‍ ഒന്നിന് അത്തരത്തിലൊരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞു. ഇന്ന് നിയമസഭയിലും ഇതേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായതെന്നും ടി കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവിലുണ്ട്. യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ വാദ ഇതിലൂടെ പൊളിയുകയാണ്. ഉത്തരവിറക്കിയതിന്റെ എല്ലാ ഉത്തരവാദിത്തവും വനം വകുപ്പില്‍ കെട്ടി വെച്ച് തലയൂരാനാണ് ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്.