Connect with us

Kerala

കണ്ണൂരില്‍ വരുന്നത് മള്‍ട്ടി പര്‍പസ് ഹജ്ജ് ഹൗസ്

ഹജ്ജ് അല്ലാത്ത കാലങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ നിര്‍മിക്കുന്നത് മള്‍ട്ടി പര്‍പസ് ഹജ്ജ് ഹൗസാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളികോട്. ഹജ്ജ് വേളയില്‍ ക്യാമ്പിനായി ഉപയോഗിക്കുകയും മറ്റ് കാലങ്ങളില്‍ പൊതു ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയും ചെയ്യുന്നവിധമുള്ള മള്‍ട്ടി പര്‍പസ് കണ്‍വെന്‍ഷന്‍ സെന്ററും താമസത്തിനും പ്രാര്‍ഥനകള്‍ക്കുമുള്ള മുറികളും ഉള്‍കൊള്ളുന്ന ഹജ്ജ് ഹൗസ് നിര്‍മാണമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

ഈ സ്വപ്ന പദ്ധതി യഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും സഹായം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ച ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും നാടിന്റെ പൊതു ആവശ്യത്തിന് തുക അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയും അഭിനന്ദിച്ചു.

2023 മുതലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഹജ്ജിനായി യാത്ര പുറപ്പെടുന്നത്തിനുള്ള സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടിയത്. ഈ വര്‍ഷം 4500 ഓളം പേര്‍ കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെടുന്നതിനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ മൈസൂര്‍, കൂര്‍ഗ് മേഖലകളില്‍ നിന്നുള്ളവരും ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. 2023 മുതല്‍ എയര്‍പോര്‍ട്ട് കാര്‍ഗോ കോംപ്ലക്‌സ്‌കില്‍ ആയിരുന്നു ഹജ്ജ് ക്യാമ്പ് നടത്തി വന്നിരുന്നത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും താത്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വലിയ തുകയാണ് ചെലവഴിക്കേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ഹജ്ജ് ഹൗസ് കണ്ണൂരില്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ അംഗങ്ങളായ പി പി മുഹമ്മദ് റാഫി, ഒ വി ജഅ്ഫര്‍, ശംസുദ്ദീന്‍ അരിഞ്ചിറ എന്നിവരും പങ്കെടുത്തു.