Connect with us

Editors Pick

പലവട്ടം യോഗങ്ങൾ; ബജറ്റ് സമ്മേളനം നടക്കുമ്പോൾ ഒരാൾ പാർലിമെന്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡൽഹിയിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ

ഡിസംബർ ആറിനും 10 നും ഇടയിൽ എല്ലാ പ്രതികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തി; മനോഞ്ജൻ എത്തിയത് വിമാനത്തിൽ: കളർ പുക കൊണ്ടുവന്നത് അമോൽ

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റ് ആക്രമണ കേസിലെ പ്രതികൾ വ്യക്തമായ ആസൂത്രണത്തോടെയാണ് പദ്ധതികൾ തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ തെളിയുന്നു. പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതികളിൽ ഒരാളായ മനോരഞ്ജൻ ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് വരികയും പാർലിമെന്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. കർശനമായ സുരക്ഷാ വലയം തകർത്ത് പാർലമെന്റിനുള്ളിൽ വർണ്ണ പുക എങ്ങനെ കൊണ്ടുവരാമെന്നതിൽ കൃത്യമായ പദ്ധതി തയ്യാറാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

കേസിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള സാഗർ ശർമ്മ, മനോരഞ്ജൻ ഡി, നീലം ആസാദ്, അമോൽ ഷിൻഡെ, ലളിത് ഝാ, വിക്കി എന്നീ പ്രതികൾ ഓൺലൈൻ വഴിയാണ് സൗഹൃദം സ്ഥാപിച്ചത്. ഭഗത് സിംഗ് ഫാൻസ് ക്ലബ്’ എന്ന സോഷ്യൽ മീഡിയ പേജ് നടത്തുന്നവരാണ് പ്രതികളെല്ലാം. ഒന്നര വർഷം മുമ്പ് ഇവർ മൈസൂരിൽ വച്ച് ഇവർ കണ്ടുമുട്ടിയിരുന്നു. മൈസൂരിലെ യോഗം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം, എല്ലാവരും ഒരിക്കൽ കൂടി യോഗം ചേർന്ന് പാർലമെന്റിലേക്ക് നുഴഞ്ഞുകയറാനുള്ള ആലോചന ആരംഭിച്ചുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.

പദ്ധതി പ്രകാരം ഡിസംബർ ആറിനും 10 നും ഇടയിൽ എല്ലാ പ്രതികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തി. വിമാനത്തിലാണ് മനോരഞ്ജൻ ഡൽഹിയിലെത്തിയത്. അമോൽ മഹാരാഷ്ട്രയിൽ നിന്ന് കളർ പുക കൊണ്ടുവന്നു. ഡിസംബർ 13ന് രാവിലെ 9 മണിക്ക് എംപിയുടെ വീട്ടിൽ പോയി പാസ് എടുത്തു. തുടർന്ന് എല്ലാ പ്രതികളും ഇന്ത്യാ ഗേറ്റിൽ കണ്ടുമുട്ടി. എല്ലാവർക്കും കളർ പുക കൈമാറി. തുടർന്ന് രണ്ട് പ്രതികൾ പാർലമെന്റിന് പുറത്ത് നിലയുറപ്പിച്ചു. രണ്ട് പേർ സന്ദർശക പാസുമായി പാർലമെന്റിനകത്ത് കയറി. മുഖ്യസൂത്രധാരനായ ലളിത് ഝാ എല്ലാ പ്രതികളുടെയും മൊബൈൽ ഫോണുകളുമായി പാർലമെന്റിന് പുറത്താണ് നിന്നിരുന്നത്.

പലവട്ടം യോഗങ്ങൾ ചേർന്നാണ് പ്രതികൾ പാർലമെന്റിൽ നുഴഞ്ഞുകയറാനുള്ള തന്ത്രം തയ്യാറാക്കിയത്. ഷൂസിൽ നിറമുള്ള പുക വഹിക്കണം, എംപിയിൽ നിന്ന് സന്ദർശക പാസ് വാങ്ങണം, അകത്ത് കയറിയ ശേഷം സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടി ലോക്സഭയിൽ കളർ പുക ഉപയോഗിക്കണം തുടങ്ങി എല്ലാം കിറുകൃത്യം പ്ലാൻ ചെയ്തായിരുന്നു നീക്കങ്ങൾ. ആദ്യശ്രമം പരാജയപ്പെട്ടാൻ നടപ്പാക്കാൻ പ്ലാൻ ബിയും സംഘം തയ്യാറാക്കിയിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നാല്ഘട്ട സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് കളർ പുകയുമായി പ്രതികൾ പാർലിമെന്റിനുള്ളിൽ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൃത്യം നടപ്പാക്കാൻ ഇവർക്ക് സാധിച്ചവെന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. സംഭവത്തിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ സംഭവം പുനരാവിഷ്കരിക്കുന്നത് ഉൾപ്പെടെ വഴികൾ അന്വേഷണ സംഘം തേടുന്നുണ്ട്.

---- facebook comment plugin here -----

Latest