Connect with us

National

മുംബൈ ബോട്ട് അപകടം; ആശുപത്രിയിലായിരുന്ന മലയാളി കുടുംബം സുരക്ഷിതര്‍

മനുഷ്യ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിച്ച സ്പീഡ് ബോട്ട് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്തു.

Published

|

Last Updated

മുംബൈ|മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശികളായ ജോര്‍ജ് മാത്യു, നിഷ ജോര്‍ജ് മാത്യു, ആറുവസയുകാരന്‍ ഏബല്‍ മാത്യു എന്നിവര്‍ സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു. മനുഷ്യ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിച്ച സ്പീഡ് ബോട്ട് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്തു. ഫെറി സര്‍വ്വീസ് നടത്തുന്ന പാതയിലേക്ക് നേവി ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത് സംബന്ധിച്ച് നേവിയും പരിശോധന നടത്തുന്നുണ്ട്.

ബോട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി ബാലന്‍ ഏബല്‍ മാത്യു തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഏബലിന്റെ മൊഴി പ്രകാരമാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടതായി സൂചന ലഭിച്ചത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഏബല്‍ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ സംസാരത്തില്‍ നിന്നാണ് മലയാളിയാണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. മുംബൈ ചാന്ദിവലിയിലുള്ള ബന്ധുവീട്ടിലാണ് കുട്ടിയും രക്ഷിതാക്കളും ഇപ്പോഴുള്ളത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദയാത്രയ്ക്കായാണ് മുംബൈയില്‍ എത്തിയത്.

മുംബൈ ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്നു നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി. യാത്ര ബോട്ടില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത കാലപ്പഴക്കമുള്ള ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അപകടമുണ്ടായതിന് ശേഷമാണ് ലൈഫ് ജാക്കറ്റുകള്‍ യാത്രക്കാരെ ധരിപ്പിച്ചത് എന്ന വിവരും പുറത്ത് വന്നിട്ടുണ്ട്.

നേവിയുടെ സ്പീഡ് ബോട്ട് വിനോദയാത്ര ബോട്ടില്‍ ഇടിക്കുന്ന ദൃശ്യം പകര്‍ത്തിയത് ഗൗതം ഗുപ്ത എന്ന ലക്‌നോ സ്വദേശിയാണ്. അതിവേഗത്തില്‍ ബോട്ട് വരുന്നത് കണ്ടാണ് വീഡിയോ എടുത്തതെന്നും ഇടിയുടെ ആഘാതത്തില്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ വായുവിലൂടെ തെറിച്ച് തങ്ങളുടെ ഫെറിയില്‍ തന്റെ തൊട്ടടുത്തായി ഡെക്കില്‍ വീഴുകയായിരുന്നു എന്നും ഗൗതം ഗുപ്ത പറഞ്ഞു.

 

 

Latest