Kerala
മാണി സി കാപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുംബൈ വ്യവസായി
മുംബൈ | പാലാ എംഎല്‍എ മാണി സി കാപ്പന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുംബൈ കേന്ദ്രീകരിച്ചുള്ള വ്യവസായിയുടെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ മുംബൈ ബോറിവില്ലി കോടതിയില്‍ ഹാജരായപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യവസായി ദിനേശ് മേനോന്‍ പറയുന്നു.
കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയില്‍ വച്ച് കേസ് വേഗം സെറ്റില്‍ ചെയ്തില്ലെങ്കില്‍ നാട്ടില്‍ എത്തിയാല്‍ തട്ടിക്കളയുമെന്ന് കാപ്പന്‍ പറഞ്ഞു. സഭവത്തില്‍ മുംബൈ പോലീസിന് ഇന്ന് പരാതി നല്‍കുമെന്നാണ് ദിനേശ് മേനോന്‍ ഒരു മലയാളം ചാനലിനോട് പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ ഹരജിയിലായിരുന്നു നോട്ടീസ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.
ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങള്‍ നില നില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.