Connect with us

National

പുതുവത്സരരാവിൽ മുംബൈ പൊലീസിന്‌ ചാകര; പിഴയായി ലഭിച്ചത്‌ 89 ലക്ഷം

ന്യൂഇയർ ആഘോഷം കണക്കിലെടുത്ത്‌ മുംബൈയിൽ പരമാവധി പൊലീസിനെ നിരത്തിൽ വിന്യസിച്ചിരുന്നു.

Published

|

Last Updated

മുംബൈ | പുതുവത്സരരാവിലെ നിയമലംഘനങ്ങൾക്ക്‌ റെക്കൊർഡിട്ട്‌ മുംബൈ. 17,800 ട്രാഫിക് നിയമലംഘനങ്ങളാണ്‌ ഡിസംബർ 31ന്‌ വൈകിട്ടുമുതൽ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതിലെല്ലാം പൊലീസ്‌ ചലാൻ അയച്ചു. 89 ലക്ഷം രൂപയാണ്‌ ആകെ പിഴയായി ചുമത്തിയത്‌. ന്യൂഇയർ ആഘോഷം കണക്കിലെടുത്ത്‌ മുംബൈയിൽ പരമാവധി പൊലീസിനെ നിരത്തിൽ വിന്യസിച്ചിരുന്നു.

നിയമലംഘനങ്ങളും കേസുകളുടെയും വിശദവിവരം മുംബൈ പൊലീസ്‌ പുറത്തുവിട്ടു. ഇതിൽ 2,893 ട്രാഫിക്ക് തടസ്സപ്പെട്ട കേസുകൾ, 1,923 ഹെൽമെറ്റ് ഇല്ലാതെ ബൈക്ക്‌ ഓടിച്ച കേസുകൾ, 1,731 ട്രാഫിക് സിഗ്നൽ ലംഘനം എന്നിവ ഉൾപ്പെടുന്നു. വേഗപരിധി ലംഘിച്ചതിന് 842 കേസും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 432 കേസും രജിസ്റ്റർ ചെയ്‌തു. മദ്യപിച്ച് വാഹനമോടിച്ചതിന് 153 കേസും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിന് 109 കേസും എടുത്തു. ട്രിപ്പിൾ റൈഡിങ്‌, വൺവേ തെറ്റിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നിവയ്‌ക്കും കേസുകളുണ്ട്‌. ആകെ 89,19,750 രൂപയാണ് ചലാനായി പിഴയിട്ടത്‌.

പുതുവത്സരത്തിന്റെ ഭാഗമായി എട്ട് അഡീഷണൽ കമീഷണർമാർ, 29 ഡെപ്യൂട്ടി കമീഷണർമാർ, 53 അസിസ്റ്റന്റ്‌ കമീഷണർമാർ, 2184 ഇൻസ്‌പെക്ടർമാർ, 12,000-ത്തിലധികം കോൺസ്റ്റബിൾമാർ എന്നിവരെയാണ്‌ മുംബൈ പൊലീസ്‌ നിരത്തിൽ നിയോഗിച്ചിരുന്നത്‌.

Latest