Kerala
മുനമ്പം: ബി ജെ പി ശ്രമം വര്‍ഗീയ ധ്രുവീകരണത്തിന്; ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എം വി ഗോവിന്ദന്‍
കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനെയും അനുകൂലിച്ച ചരിത്രം സി പി എമ്മിനില്ലെന്നും ഗോവിന്ദന്‍.
പാലക്കാട്: മുനമ്പം വിഷയത്തില്‍ ബി ജെ പിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി ജെ പി ശ്രമമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെന്നല്ല, സംസ്ഥാനത്ത് എവിടെയായാലും താമസിക്കുന്ന സ്ഥലത്ത് നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ഒരു കുടിയൊഴിപ്പിക്കലിനെയും അനുകൂലിച്ച ചരിത്രം സി പി എമ്മിനില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിലും അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.