Connect with us

From the print

മുനമ്പം: ലീഗ് യോഗത്തില്‍ വാക്കേറ്റം

വാക്കുതര്‍ക്കം കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍.

Published

|

Last Updated

കോഴിക്കോട് | മുനമ്പത്തെ ചൊല്ലി മുസ്ലിം ലീഗില്‍ ഭിന്നത തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത മറനീക്കി. നേരത്തേ പരസ്യപ്രസ്താവന നടത്തിയ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും തമ്മിലായിരുന്നു വാക്കുതര്‍ക്കം. ഷാജിയുടെ പരസ്യപ്രസ്താവന ശരിയായില്ലെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ കെ എം ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.

കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നായിരുന്നു ഇ ടി മുഹമ്മദ് ബശീര്‍, പി വി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പറഞ്ഞത്. സ്വാദിഖലി തങ്ങള്‍ നേരത്തേയെടുത്ത നിലപാടിന് എന്തെങ്കിലും കോട്ടമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് കെ എം ഷാജി പിന്നീട് യോഗത്തില്‍ അറിയിച്ചു. പരസ്യപ്രതികരണം നടത്തേണ്ടിവന്നത് പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ചുള്ള വേദി കിട്ടാത്തതിനാലാണെന്നും ഷാജി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് മാപ്പ് പറച്ചിലായി നാളെ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സനല്‍ സ്റ്റാഫിനെ ഉദ്ദേശിച്ച് ഷാജി പറഞ്ഞു. ഇതോടെയാണ് കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും തമ്മില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായത്. തന്റെ പേഴ്സനല്‍ സ്റ്റാഫിനെ ഇവിടെ പരാമര്‍ശിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ കയര്‍ത്തു.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് വരട്ടെയെന്നും വഖ്ഫ് ഭൂമിയല്ലെന്ന് പറയേണ്ടതില്ലെന്നുള്ള പൊതുധാരണയിലാണ് യോഗം അവസാനിപ്പിച്ചത്. വേദി കിട്ടിയില്ലെന്ന കെ എം ഷാജിയുടെ ആവശ്യത്തിന് ഇത്തരത്തില്‍ യോഗം ചേരാമെന്നും സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, മുനമ്പം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി കൃത്യമായി ഉത്തരം നല്‍കിയില്ല. ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇറങ്ങിപ്പോക്ക് വാര്‍ത്ത സി ഐ സി, ഫള്ഫരി വിവാദം വഴിതിരിക്കാന്‍
കോഴിക്കോട്്യു ഇ കെ മുശാവറയിലെ ഇറങ്ങിപ്പോക്ക് വിവാദം യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആരോപണം. ഹകീം ഫൈസി ആദൃശ്ശേരിയെ അംഗീകരിക്കില്ലെന്നും വഹാബി ഗ്രന്ഥത്തിന് കാവ്യരൂപം തയ്യാറാക്കിയ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അധ്യാപകന്‍ അബ്ദുല്ല ഫള്ഫരിയെ പുറത്താക്കാനും നിര്‍ദേശിച്ചുള്ള പ്രധാനതീരുമാനങ്ങളാണ് ഇറങ്ങിപ്പോക്ക് വാര്‍ത്തയിലൂടെ മുങ്ങിപ്പോയത്.

സ്വാദിഖലി തങ്ങള്‍ പ്രസിഡന്റായ സി ഐ സിയെ അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുശാവറയെടുത്ത തീരുമാനം ലീഗ് നേതൃത്വത്തെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. നേരത്തേ ഇ കെ വിഭാഗം പുറത്താക്കിയ ഹകീം ഫൈസിയെ, സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സി ഐ സി വീണ്ടും ജന. സെക്രട്ടറിയായി തിരഞ്ഞെടുത്ത സാഹചര്യത്തിലായിരുന്നു പുതിയ തീരുമാനം. ജിഫ്രി തങ്ങള്‍ ഈ തീരുമാനം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇത് ലീഗ് അനുകൂല വിഭാഗത്തിന് തിരിച്ചടിയായ സാഹചര്യത്തില്‍ കൂടിയാണ് ഇറങ്ങിപ്പോക്ക് വിവാദം ആളിക്കത്തിച്ചതെന്നാണ് ലീഗ് വിരുദ്ധര്‍ കരുതുന്നത്. വഹാബി സ്ഥാപകനായ ഇബ്നു അബ്ദുല്‍ വഹാബിന്റെ ‘കിത്താബുത്തൗഹീദ്’ ഗ്രന്ഥം പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് അധ്യാപകന്‍ കാവ്യരൂപത്തിലാക്കിയ വിഷയം ഇ കെ വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളില്‍ ഏറെ കത്തിപ്പടര്‍ന്നതാണ്. ഈ അധ്യാപകനെ പുറത്താക്കാനുള്ള നിര്‍ദേശമാണ് ഇന്നലെ മുശാവറ കൈക്കൊണ്ടത്.

 

 

Latest