Kerala
മുനമ്പം വിഷയത്തില്‍ വേണ്ടത് പോലെ മിണ്ടിയില്ല; മുസ്‌ലിം ലീഗിനെതിരെ ഉമര്‍ ഫൈസി
വഖ്ഫ് സ്വത്ത് വില്‍ക്കാനോ അനന്തരമെടുക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ആ സ്വത്താണ് വഹാബികള്‍ വിറ്റത്. അവര്‍ക്ക് എന്ത് ഹറാമും ഹലാലുമെന്നും ഉമര്‍ ഫൈസി.
കോഴിക്കോട് | മുനമ്പത്ത് ഭൂമി വിറ്റത് വഹാബികളെന്ന് മുക്കം ഉമര്‍ ഫൈസി. ഫറൂഖ് കോളജ് ഇപ്പോള്‍ നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖ്ഫ് ഭൂമി വിറ്റതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. കോഴിക്കോട്ട് ഇ കെ വിഭാഗം നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളോട് നഷ്ടപരിഹാരം വാങ്ങി അവിടെയുള്ളവരെ മറ്റ് സ്ഥലത്ത് കുടിയിരുത്തണം. മതത്തിന്റെ രാഷ്ട്രീയക്കാര്‍ പോലും വിഷയത്തില്‍ വേണ്ട പോലെ ശബ്ദമുണ്ടാക്കിയിട്ടില്ലെന്ന് ലീഗിന്റെ പേര് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. അത് ഖേദകരമാണ്. വഖ്ഫ് സ്വത്ത് വില്‍ക്കാനോ അനന്തരമെടുക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെത്തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്. അവര്‍ക്ക് എന്ത് ഹറാമും ഹലാലുമെന്നും അദ്ദേഹം ചോദിച്ചു.
ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ കാണിച്ചു തന്ന മാര്‍ഗത്തിന് വിരുദ്ധമായി ഉള്ളിലൂടെ മുജാഹിദുകള്‍ കടന്നുകൂടി. അവര്‍ പലതും കളിച്ചുകൊണ്ടിരിക്കുന്നു. അതിന് വശംവദരായി കുറേ ആളുകള്‍ ഇതിന് പിന്നാലെയുണ്ട്. ആഖിറം കിട്ടാന്‍ ദീനാണ് ഒന്നാം സ്ഥാനത്ത് വേണ്ടത്. രാഷ്ട്രീയം പിറകില്‍ നിര്‍ത്തിയാല്‍ മതി. രാഷ്ട്രീയം ഉണ്ടായിട്ട് കാര്യമില്ല. സയ്യിദന്മാരെ അധിക്ഷേപിക്കുന്നുവെന്നാണ് പലരും ആക്ഷേപിക്കുന്നത്. എന്നാല്‍ കെ എം മൗലവിയെ പോലുള്ള ആളുകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സയ്യിദന്മാര്‍ തയ്യാറാകരുതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എ വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുസ്സലാം ബാഖവി, സത്താര്‍ പന്തലൂര്‍, മുസ്തഫ അഷ്റഫി കക്കുപ്പടി, സ്വാദിഖ് ഫൈസി താനൂര്‍ വിഷയാവതരണം നടത്തി.