Connect with us

Kerala

മുനമ്പം: പ്രശ്ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സര്‍ക്കാര്‍

ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് വസ്തുതകള്‍ പരിശോധിക്കാന്‍

Published

|

Last Updated

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്ന പരിഹാരത്തിന് പോംവഴികളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേത്. എങ്ങനെ പ്രശ്നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. റിപോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. വഖ്ഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്നമല്ല ഹരജിയില്‍ ഉന്നയിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷന്‍ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാന്‍ ആവില്ല. കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനാനുമതി ആവശ്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പറയും. സര്‍ക്കാറിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്നീട് വിശദ വാദം കേള്‍ക്കും.