Connect with us

Kerala

മുനമ്പം: പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍; താമസക്കാരെ കുടിയിറക്കില്ല

ചുമതല ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമടക്കം കമ്മീഷന്‍ പരിശോധിക്കും. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കണം.

മുനമ്പത്തെ താമസക്കാരെ ആരെയും കുടിയിറക്കാതെ പ്രശ്നം പരിഹരിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശമടക്കം കമ്മീഷന്‍ പരിശോധിക്കും. നിയമപരമായ പരിഹാരമാണ് ലക്ഷ്യം. കരം സ്വീകരിക്കാന്‍ നിയമ നടപടിയെടുക്കും.

ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കാനും നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കേണ്ടെന്ന് തീരുമാനിച്ച യോഗം മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഒപ്പം ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ പരിശോധിക്കും. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനും ധാരണയായി.

പെട്ടെന്നെടുക്കുന്ന തീരുമാനം താമസക്കാര്‍ക്ക് തിരിച്ചടിയാകാതിരിക്കാന്‍ മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതുവരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വഖ്ഫ് ബോര്‍ഡ് ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളൊന്നും സ്വീകരിക്കില്ല. നിലവില്‍ കൊടുത്ത നോട്ടീസുകളിലും തീരുമാനം വരുന്നത് വരെ നടപടികള്‍ ഉണ്ടാവില്ലെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. ഉന്നതതല യോഗത്തില്‍ എല്ലാവശവും പരിശോധിച്ചു. കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ല. സ്ഥലത്ത് നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കില്ല.

സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നികുതിയടക്കാനായി മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി അത് ചോദ്യം ചെയ്യുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ജനങ്ങള്‍ക്ക് സഹായകരമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെല്ലാം പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രിമാര്‍ അറിയിച്ചു. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മൂന്നു മാസത്തിനകം റിപോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കും. ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

മുനമ്പത്തുള്ള പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വഖ്ഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. നിരവധി നിയമപ്രശ്നങ്ങള്‍ ഉണ്ടെന്നിരിക്കെ ഏത് രീതിയിലാണ് അവിടത്തെ താമസക്കാരെ സംരക്ഷിക്കാന്‍ കഴിയുക എന്ന് പരിശോധിക്കുന്നതിന് നിയമവശങ്ങള്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതല യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, റവന്യൂ അഡീ. ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരും പങ്കെടുത്തു.

എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് ശാശ്വത പരിഹാരമായി കാണുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ഇനിയും പറ്റിക്കരുതെന്നും സമരക്കാര്‍ പറഞ്ഞു.