Connect with us

Articles

മുനമ്പം: സൗഹാര്‍ദ തകര്‍ച്ചാ ഭീതിയുടെ ഉള്ളുകള്ളികള്‍

കേന്ദ്ര വഖ്ഫ് ബില്ല് വരാന്‍ പോലും കാത്തുനില്‍ക്കാതെ ആ നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള ബീഭത്സമായ നീക്കങ്ങളാണ് നടക്കുന്നത്. തങ്ങള്‍ കണ്ടെത്തിയ ഏറ്റവും വലിയ അന്യാധീന വഖ്ഫ് എന്ന് നിസാര്‍ കമ്മീഷന്‍ പറഞ്ഞ മുനമ്പം തീരത്ത് അശാന്തി പ്രതീതിയുണ്ടാക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. അതിന് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒത്താശകള്‍ ആരുടെ ധനവ്യാമോഹങ്ങളെ തൃപ്തിപ്പെടുത്താനാണ് എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

Published

|

Last Updated

‘ഫത്വകളുടെ ലോകം അഥവാ ശരീഅത്ത് പ്രവര്‍ത്തനത്തിലാണ്’ എന്ന അരുണ്‍ ഷൂരിയുടെ പുസ്തകം ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നു എന്നറിയില്ല. ഫത്വ എന്ന സംജ്ഞയെ പ്രശ്നവത്കരിച്ച പുസ്തകം പൊതുബോധത്തില്‍ ആ പദത്തിന് രൗദ്രമായ അര്‍ഥകല്‍പ്പനകള്‍ അന്ന് ഉത്പാദിപ്പിച്ചു. അങ്ങനെയങ്ങനെ ഫത്വയും ഹലാലും ബിരിയാണിയും കബ്സയും നികാഹും തുടങ്ങി മുസ്ലിംകളുടെ നടപ്പും ഉടുപ്പും തീറ്റയും കുടിയും വിശ്വാസവും വ്യവഹാരവും എന്നല്ല, അവരുടെ ഇണചേരലും കുട്ടികളുണ്ടാകലും വരെ കൊമ്പും ദംഷ്ട്രകളുമുള്ളതായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ‘വഖ്ഫും’ ഇതുപോലെ രാക്ഷസവത്കരിക്കപ്പെടുകയാണ്. സമാന്തരമായി കേന്ദ്ര വഖ്ഫ് ഭേദഗതി ബില്ല് പോലെ മുസ്ലിംകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാക്കുന്ന നിയമങ്ങള്‍ ചുട്ടെടുക്കുകയും ചെയ്യുന്നു.

എന്നാല്‍, അവിടെ അങ്ങനെയൊക്കെ നടക്കുമ്പോള്‍ ഇവിടെയിതാ കേന്ദ്ര വഖ്ഫ് ബില്ല് വരാന്‍ പോലും കാത്തുനില്‍ക്കാതെ ആ നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള ബീഭത്സമായ നീക്കങ്ങളാണ് നടക്കുന്നത്. തങ്ങള്‍ കണ്ടെത്തിയ ഏറ്റവും വലിയ അന്യാധീന വഖ്ഫ് എന്ന് നിസാര്‍ കമ്മീഷന്‍ പറഞ്ഞ മുനമ്പം തീരത്ത് അശാന്തി പ്രതീതിയുണ്ടാക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. അതിന് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒത്താശകള്‍ ആരുടെ ധനവ്യാമോഹങ്ങളെ തൃപ്തിപ്പെടുത്താനാണ് എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

എന്താണ് മുനമ്പം വിഷയം? അത് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാണോ? അതോ കക്ഷികള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമോ? മുസ്ലിംകളും മറ്റേതെങ്കിലും സമുദായവും തമ്മിലുള്ള കാര്യമാണോ? കക്ഷികള്‍ തമ്മിലുള്ള സ്വത്ത് വ്യവഹാരങ്ങളും തര്‍ക്കങ്ങളും ഇതാദ്യത്തേതാണോ? വ്യക്തികളുടെയും സര്‍ക്കാറിന്റെയും ഭൂമിയില്‍ കൈയേറ്റം പതിവാണ്. വ്യക്തികള്‍ക്കിടയിലും സര്‍ക്കാറും വ്യക്തികളും തമ്മിലും രണ്ട് സര്‍ക്കാറുകള്‍ മുഖാമുഖവും ദേവസ്വം പോലുള്ളതും വ്യക്തികളും തമ്മിലുമൊക്കെ ഭൂ തര്‍ക്കങ്ങളും വ്യവഹാരങ്ങളും യഥേഷ്ടം. അവിടെയൊക്കെ സാധാരണ പരിഹരിക്കാറുള്ളത് പോലെയാണ് മുനമ്പവും പരിഹരിക്കേണ്ടത്. ഇവിടെ മാത്രം എങ്ങനെയാണ് അഡീഷനലായി ഒരു സമുദായ സൗഹാര്‍ദം കടന്നുവരുന്നത്? നിയമപരമായി നീതിപൂര്‍വം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് പോകുന്നതാണ് സമുദായ സൗഹാര്‍ദം എങ്കില്‍ പിന്നെ ആ സൗഹാര്‍ദത്തെ എത്രകാലം ഇങ്ങനെ പിടിച്ചുനിര്‍ത്താനാകും? എവിടുന്നോ പൊടുന്നനെ പ്രസരിച്ച ഈ ‘സമുദായ സൗഹാര്‍ദത്തകര്‍ച്ചാ ഭീതി’ തന്നെ വിചിത്രമല്ലേ? അതുകൊണ്ട് തന്നെ നിയമം ന്യായത്തിന്റെയും സൗഹാര്‍ദം അതിന്റെയും വഴിക്ക് വിടലാണ് നീതി.

വഖ്ഫ് ആണോ അല്ലേ എന്നതിലെ ഉള്ളുകള്ളി പറയാം. നാട്ടിലെ നിയമപ്രകാരം വഖ്ഫ് ഭൂമി വില്‍പ്പന നിയമവിരുദ്ധമാണ്. വിറ്റവരും പെടും വാങ്ങിയവരും പെടും. അനധികൃതമായി വില്‍പ്പന നടത്തിയ ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ ലോ സെക്രട്ടറിയും വഖ്ഫ് ഭൂമി ക്രമക്കേടുകള്‍ അന്വേഷിച്ച കമ്മീഷന്റെ തലവനുമായ ജസ്റ്റിസ് നിസാര്‍ ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. കൈയേറിയവരെ കൂടാതെ അവിടെ ചില്ലിക്കാശ് കൈപ്പറ്റിയവരുമുണ്ട്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും മാത്രമാണ് ദൃശ്യതയില്‍ വരുന്നത് എങ്കിലും വളരെക്കൂടുതല്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് അവിടെയുള്ള റിസോര്‍ട്ടുകളും ബാറുകളും ആരാധനാലയങ്ങളും റിയല്‍ എസ്റ്റേറ്റുകാരുമാണ്. വാങ്ങിയ സാധാരണക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും മറുവഴികള്‍ കണ്ടാലും വന്‍കിടക്കാര്‍ക്ക് സങ്കീര്‍ണത ഒഴിവാകില്ല. അപ്പോള്‍ പിന്നെ വിഷയം കത്തിക്കലും വഖ്ഫിനെതിരായ ആക്രോശവും തന്നെ വഴി! കൊടുത്തവനും കൊണ്ടവനും ഒരു വാദത്തിലെത്തുന്നതിതുകൊണ്ടാണ്.

വന്‍കിട റിസോര്‍ട്ടുകള്‍, ബാറുകള്‍, ആരാധനാലയങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ലോബികള്‍, ഫ്‌ലാറ്റുകള്‍ ഇവയൊക്കെയാണ് സമുദായ സൗഹാര്‍ദ തകര്‍ച്ചാ ഭീഷണിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. ഇവര്‍ക്ക് ആ ഭീഷണിയുടെ അന്തരീക്ഷത്തില്‍ വേണം ഭൂമി കൈവശമുറപ്പിക്കാന്‍. രജിസ്ട്രേഷനില്‍ കള്ളക്കളികള്‍ നടന്നാല്‍, നിയമവിരുദ്ധമായി ഒരു ഭൂമി രജിസ്റ്റര്‍ ചെയ്താല്‍, അങ്ങനെ നികുതി സ്വീകരിച്ചാല്‍ എന്താണ് തുടര്‍ നടപടികള്‍? രജിസ്റ്റര്‍ ചെയ്തുപോയില്ലേ, നികുതി സ്വീകരിച്ചുപോയില്ലേ, ഇനി യഥാര്‍ഥ ഉടമക്ക് വേണ്ട, വാങ്ങിയവന്‍ വഞ്ചിക്കപ്പെട്ടതല്ലേ എന്ന് പറഞ്ഞ് ആരെങ്കിലും വിട്ടുകൊടുക്കുന്ന പതിവുണ്ടോ? വാങ്ങിയവന് അതിനുള്ള നഷ്ടപരിഹാരം വിറ്റവനില്‍ നിന്നോ അല്ലാതെയോ ലഭ്യമാക്കുക.

2022 ഡിസംബര്‍ 12ന് കെ പി എ മജീദ് നിയമസഭയില്‍ സബ്മിഷനിലൂടെ മുന്നോട്ട് വെച്ച കാര്യങ്ങളും അതിന് വഖ്ഫ് വകുപ്പ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ നല്‍കിയ മറുപടിയും കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തത വരുത്തും.

കെ പി എ മജീദ്: മുനമ്പം വഖ്ഫ് ഭൂമിയാണെന്ന് കോടതിയുടെയും മറ്റും രേഖകളുണ്ട്. ഇതില്‍ നടന്നുവരുന്ന ക്രയവിക്രയങ്ങള്‍ നിയമവിരുദ്ധമാണ്. ഇവിടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ശിപാര്‍ശയുണ്ട്. ഭൂമി അനധികൃത കുടിയേറ്റക്കാര്‍ക്ക് പതിച്ചുനല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ ചെയ്തുവരുന്നു. കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ നികുതിയടക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ചെയ്യുന്നത് നിയമലംഘനമാണ്. വഖ്ഫ് ഭൂമിയാകയാല്‍ മുതവല്ലിക്കാണ് നികുതി ഒടുക്കാനുള്ള ഉത്തരവാദിത്വം. മുതവല്ലിയില്‍ നിന്ന് നികുതി സ്വീകരിച്ചതിന് രേഖയുണ്ട്. നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കണം.

മന്ത്രിയുടെ മറുപടി: ഒരു വഖ്ഫ് ഭൂമിയും അന്യാധീനപ്പെടാന്‍ പാടില്ല എന്നാണ് നിലപാട്. മുനമ്പത്തേത് ഫാറൂഖ് കോളജിന് വേണ്ടി വഖ്ഫ് ആധാരപ്രകാരം രജിസ്റ്റര്‍ ചെയ്ത വഖ്ഫ് ഭൂമയാണ്. ഇതില്‍ നിന്ന് അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. നികുതി അടയ്ക്കുന്നത് ഫിസിക്കല്‍ എക്‌സര്‍സൈസ് മാത്രമായതിനാലും ടൈറ്റില്‍ അവകാശവുമായി അതിന് ബന്ധമില്ലാത്തതിനാലുമാണ് താത്കാലിക കരമടക്കാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കല്‍ നടപടികളുമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ക്വയറി നടത്തുകയും കൈയേറ്റക്കാര്‍ക്ക് ഹിയറിംഗിനുള്ള നോട്ടീസ് നല്‍കുകയും കൈയേറ്റം തെളിയുന്ന പക്ഷം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്യും. ഇതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുകയില്ല. മുമ്പ് ഫാറൂഖ് കോളജാണ് ഈ ഭൂമി വില്‍പ്പന നടത്തിയിട്ടുള്ളത്. ഇത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും.

ഫാറൂഖ് കോളജിന്റെ പേരിലുള്ള വഖ്ഫ് ഭൂമി, കൈയേറ്റക്കാര്‍, ക്രയവിക്രയങ്ങള്‍ നിയമവിരുദ്ധം, കരമടക്കലിന് നിയമ സാധുതയില്ല തുടങ്ങി ഇരുവരും നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വയം റദ്ദ് ചെയ്യാന്‍ ഇവര്‍ക്കിനി കഴിയുമോ? അല്ലെങ്കിലും കേരള ഹൈക്കോടതിയടക്കം മൂന്ന് ജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളുടെ തീരുമാനങ്ങളും പി ടി ചാക്കോയുടെ നിയമസഭാ മറുപടിയുമുള്ള ഒരു വിഷയത്തില്‍ മുനമ്പം ഏത് തരം ഭൂമിയാണ് എന്ന ചര്‍ച്ചക്കു തന്നെ സാധുതയില്ല.

വഖ്ഫ് ബോര്‍ഡുകള്‍ക്കുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതും വഖ്ഫ് സ്വത്ത് അന്യാധീനപ്പെടലിനെ ത്വരിതപ്പെടുത്തുന്നതും വഖ്ഫിനെ തന്നെ നിരാകരിക്കുന്നതുമായ കേന്ദ്ര വഖ്ഫ് നിയമത്തിന്റെയും കേന്ദ്ര സര്‍ക്കാര്‍ മുസ്ലിംകളോട് കാണിക്കുന്ന സമീപനത്തിന്റെയും അന്തരീക്ഷം അവസരമായെടുത്ത് ഇപ്പോള്‍ തന്നെ മുനമ്പം കൈയേറ്റക്കാര്‍ക്ക് വേണമെന്നാണ് വാദം. ഇതിനിടയിലാണ് ജുഡീഷ്യല്‍ കമ്മീഷന്റെ വരവ്. ഉടമസ്ഥാവകാശം പരിശോധിക്കുന്ന കമ്മീഷന്റെ വരവോടെ അന്തരീക്ഷം ഒന്നുകൂടി കനത്തിട്ടുണ്ട്.

മുനമ്പം വഖ്ഫ് ഭൂമിയാണ് എന്ന് അബദ്ധത്തില്‍ പോലും പറയാതിരിക്കുകയും വഖ്ഫ് അല്ലെന്ന് പരോക്ഷമായി പറയുകയും ചെയ്യുന്ന, അവിടുത്തെ ഭൂമി കൈവശക്കാരെക്കുറിച്ച് മാത്രം വ്യാകുലപ്പെടുന്ന വിശകലന ഗതികേടിലേക്കെത്തിയവര്‍ക്ക് പോലും ഇപ്പോള്‍ അങ്ങനെ പറയാന്‍ ആത്മധൈര്യമില്ല. എന്നല്ല, പ്രശ്നം നിയമപരവും വസ്തുതാപരവുമായി പരിഹരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനുണ്ടെന്നും പ്രശ്നപരിഹാരത്തിന് നിയോഗിക്കപ്പെട്ട കമ്മീഷന്‍ ഇത്തരത്തിലുള്ള തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കുന്നു അവര്‍.

 

Latest