Kerala
മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കയ്യേറ്റക്കാരെ സഹായിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത് എന്നായിരുന്നു ഹര്‍ജികരായ വഖ്ഫ് സംരക്ഷണ വേദിയുടെ ആക്ഷേപം
![](https://assets.sirajlive.com/2025/02/untitled-19-897x538.jpg)
എറണാകുളം | മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കയ്യേറ്റക്കാരെ സഹായിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത് എന്നായിരുന്നു ഹര്‍ജികരായ വഖ്ഫ് സംരക്ഷണ വേദിയുടെ ആക്ഷേപം.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കെ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നത് എങ്ങനെയെന്ന കോടതിയുടെ വിമര്‍ശനത്തിന് സര്‍ക്കാര്‍ മറുപടി നല്‍കും. മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരുടെ പക്കലുള്ള രേഖകളുടെ നിയമസാധുതയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.
പ്രത്യേക നിയമനിര്‍മാണം നടത്തി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപടെടുത്തത്. താമസക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് മതിയായ രേഖകളുണ്ടെന്നും ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.