Connect with us

Kerala

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ മറുപടി പറയേണ്ടത് ഫാറൂഖ് കോളജ് അധികൃതർ: ഡോ. അബ്ദുൽ ഹക്കിം അസ്ഹരി

മാനവ സഞ്ചാരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മറുപടി പറയേണ്ടത് ഫാറൂഖ് കോളജ് അധികൃതരാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്‍ഹരി. വഖഫ് ഭൂമി എങ്ങനെ വിറ്റുവെന്നും രജിസ്ട്രാർ രജിസ്റ്റർ ചെയ്തു നൽകിയെന്നുമെല്ലാം രേഖകൾ പരിശോധിച്ച് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് വൈ എസ് മാനവ സഞ്ചാരം യാത്രക്കിടെ കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അബ്ദുൽ ഹക്കീം അസ്ഹരി.

മുനമ്പം ഭൂമി വഖഫ് സ്വത്ത് തന്നെയാണെന്നാണ് രേഖകളിൽ നിന്ന് മനസ്സിലാക്കാനായത്. വഖഫ് ഭൂമി വഖഫിന്റെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ളളതാണ്. വഖഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ഫാറൂഖ് കോളേജിന് കൈമാറിയ ഭൂമി വിൽപന് നടത്തിയിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കേണ്ടതും മറുപടി പറയേണ്ടതും ഫാറൂഖ് കോളജ് അധികൃതരാണ്. അവർ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. ഫാറൂഖ് കോളജ് അധികൃതർ ഈ വിഷയത്തിൽ മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുനമ്പത്തേത്ത് ഹിന്ദു – ക്രിസ്ത്യൻ പ്രശ്നമോ മതങ്ങൾ തമ്മിലുള്ള പ്രശ്നമോ അല്ല. എന്നാൽ ഇതിന്റെ പേരിൽ കൃസ്ത്യൻ – മുസ്‍ലിം സ്പർദക്ക് ശ്രമം നടക്കുന്നുണ്ട്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന നീക്കം ഉണ്ടാകാൻ പാടില്ല. ആരുടെയെങ്കിലും കൃത്യവിലോപത്തിന്റെ പേരിൽ പാവപ്പെട്ടവരെ ഒറ്റടയിക്ക് ഇറക്കിവിടണമെന്ന അഭിപ്രായം ഇല്ലെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.

മുനമ്പം പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കേണ്ടി വന്നാൽ അതിന് എസ് വൈ എസ് പൂർണ പിന്തുണ നൽകുമെന്നും ഹക്കീം അസ്ഹരി ചോദ്യത്തിന് മറുപടി നൽകി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, എന്‍.എം.സ്വാദിഖ് സഖാഫി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മാനവ സഞ്ചാരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടക്കുന്നത്. രാവിലെ 14 സോണ്‍ കേന്ദ്രങ്ങളില്‍ ഏര്‍ളി ബേര്‍ഡ്സ് നടന്നു. യുവജന സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി യാത്രാ നായകന്‍ സംവദിച്ചു. വൈകിട്ട് നാല് മണിക്ക് ജാഫര്‍ഖാന്‍ കോളനി പരിസരത്ത് നിന്ന് സൗഹൃദ നടത്തം ആരംഭിക്കും. എം പി, എം എല്‍ എമാര്‍, വിവിധ സമുദായ നേതാക്കള്‍, പാര്‍ട്ടി നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പ്രസ്ഥാന നായകര്‍ അണിനിരക്കും.

തുടര്‍ന്ന് മുതലക്കുളത്ത് നടക്കുന്ന മാനവ സംഗമം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും.

Latest