Connect with us

Kerala

മുനമ്പം വഖ്ഫ് ഭൂമി തന്നെ; നിയമസഭാ രേഖ പുറത്ത്

മന്ത്രിയായിരുന്ന പി ടി ചാക്കോ നിയമസഭയില്‍ നല്‍കിയ രേഖകളാണ് നാഷനല്‍ ലീഗ് നേതാക്കള്‍  പുറത്തുവിട്ടത്

Published

|

Last Updated

കോഴിക്കോട് | മുനമ്പത്തെ വിവാദ ഭൂമി വഖ്ഫ് സ്വത്താണെന്ന രേഖകള്‍ പുറത്ത്. മുന്‍ കോണ്‍ഗ്രസ്സ് നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോ ഭൂമി വഖ്ഫ് സ്വത്താണെന്ന് 1960ല്‍ നിയമസഭയില്‍ നല്‍കിയ മറുപടി ഉള്‍പ്പെടെയുള്ള രേഖകളാണ് പുറത്തിവന്നിരിക്കുന്നത്.  1960 നവംബര്‍ 14നാണ് ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായി ഭൂമി ഫാറൂഖ് കോളജിന്റേതാണെന്ന് വ്യക്തമാക്കിയത്. ഭൂമി ഫാറൂഖ് കോളജിന് അവകാശപ്പെട്ടതാണെന്നും ഇതേ നിലപാടാണ് സര്‍ക്കാറിനെന്നും അദ്ദേഹം വ്യക്തമാക്കിയെന്ന് രേഖകളില്‍ പറയുന്നു.

പ്രദേശവാസികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എടപ്പള്ളി എസ് ആര്‍ ഒ ഓഫീസില്‍ 2115/1950 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഭൂമി 404.76 ഏക്കര്‍ വഖ്ഫ് ആധാരമായാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സബ് കോടതി, നോര്‍ത്ത് പറവൂര്‍ സബ്കോടതികളിലെ ഒ എസ് 53/1967 എന്ന കേസിന്റെ വിധിയിലും 2003 ജനുവരി 19ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി പ്രകാരവും  ഈ  സ്വത്ത് വഖ്ഫ് ഭൂമിയാണ്. വര്‍ഷങ്ങള്‍ ഫാറൂഖ് കോളജ് അധികൃതര്‍ ഈ ഭൂമി അശ്രദ്ധമായിടുകയും പ്രദേശവാസികള്‍ കൈയേറുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് ഫാറൂഖ് കോളജിന്റെ കേസുകള്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ടിരുന്ന അഡ്വ. എം വി പോളിന് നല്‍കിയ പവര്‍ഓഫ് അറ്റോര്‍ണിയുടെ ബലത്തില്‍ ഇത് പലര്‍ക്കും മുറിച്ചു വിറ്റതായും കൃത്രിമ രേഖകള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വഖ്ഫ് ഭൂമി കൈവശം എടുത്ത് സ്ഥാപനങ്ങള്‍ നിര്‍മിക്കുകയുമാണ് ഉണ്ടായതെന്ന്  നാഷനല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 12 കൈയേറ്റക്കാരായ വന്‍കിട സ്ഥാപനക്കാര്‍ക്കും റിസോര്‍ട്ട് ഉടമകള്‍ക്കും എതിരെ തീരുമാനം എടുക്കുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചുവെച്ചു കൊണ്ടാണ് വി ഡി സതീശന്‍ രംഗത്തു വന്നിരിക്കുന്നതെന്നും അതിനാല്‍ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നാഷനല്‍ ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. മുനമ്പത്തെ വഖ്ഫ് ഭൂമി കൈയേറി റിസോര്‍ട്ടുകളും ബാറുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കുത്തക മുതലാളിമാരുടെ ക്വട്ടേഷന്‍ ഏജന്റായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുനമ്പത്തെ വിരലിലെണ്ണാവുന്ന മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് സമരവും മുസ്ലിം വിരുദ്ധ വര്‍ഗീയ പ്രചാരണവും നടന്നുകൊണ്ടിരിക്കുന്നത്. മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന വാദം റിസോര്‍ട്ട് മാഫിയക്ക് വേണ്ടിയുള്ളതും വസ്തുതാവിരുദ്ധവുമാണ്.

1950ല്‍ ഫാറൂഖ് കോളജിന് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി ‘വഖ്ഫ് അല്ല’ എന്ന വാദവുമായി വി ഡി സതീശനും മുസ്ലിം ലീഗിന്റെ ചില നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും വഖ്ഫ് ഭൂമി അവകാശികള്‍ക്ക് കൈമാറാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കുടിയിറക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും അധികൃതര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് സ്വാലിഹ് ശിഹാബ്, ഷര്‍മ്മദ് ഖാന്‍, മെഹ്ബൂബ് കുറ്റിക്കാട്ടൂര്‍ എന്നിവരും പങ്കെടുത്തു.