Kerala
മുനമ്പം വഖഫ് ഭൂമി തന്നെ: കേരള മുസ്ലിം ജമാഅത്ത്
മതനിയമങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ വിശദീകരിക്കരുതെന്നും, മത നിയമങ്ങളില്‍ ഇടപെടുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കമ്മറ്റി
കോഴിക്കോട് | ചിലര്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന മുനമ്പത്തെ ഭൂമി, വഖഫ് ഭൂമി തന്നെയാണെന്നും, അല്ലെന്നതരത്തിലുള്ള കേരള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധവും അബദ്ധജഡിലവുമാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. മതനിയമങ്ങള്‍ അറിവില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ വിശദീകരിക്കരുതെന്നും, മത നിയമങ്ങളില്‍ ഇടപെടുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കമ്മറ്റി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് വ്യക്തമായ രേഖയുണ്ട്. 1971 ല്‍ കോടതി അത് കൃത്യമായി പറഞ്ഞതാണ്. 2115 / 1950 നമ്പര്‍ ആധാരപ്രകാരം മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് നല്‍കിയത് വഖഫ് ആയിട്ടാണ്. കേരള വഖഫ് ബോര്‍ഡും ഇത് അംഗീകരിച്ചതാണ്. രേഖകള്‍ ഭൂമി വഖഫാണെന്ന് സംസാരിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അതിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കൃത്യമായി പഠിക്കാതെ മതകാര്യങ്ങള്‍ പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്നും കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
വഖഫ് ഭൂമി മത നിയമപ്രകാരം സംരക്ഷിക്കുന്നതില്‍ ഫാറൂഖ് കോളേജ് കമ്മറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. വഖഫ് ഭൂമി വില്‍ക്കാന്‍ പാടില്ലെന്ന മത നിയമവും വഖഫ് ആക്ടും ലംഘിച്ചതാരാണെന്ന് കണ്ടുപിടിച്ച് അവര്‍ക്കെതിരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. കഥയറിയാതെ സ്ഥലം വാങ്ങി വഞ്ചിതരായവരെ കണ്ടെത്തി പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും കേരള മുസ്ലിം ജമാഅത്തിന്റെ പിന്തുണയുണ്ടാകുമെന്നും കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, സി.പി. സൈതലവി, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍ , സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.