Kerala
മുനമ്പം വഖ്ഫ് ഭൂമി തന്നെ; നിലപാട് ആവര്‍ത്തിച്ച് കെ എം ഷാജി
സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി.

തിരുവനന്തപുരം | മുനമ്പം വഖ്ഫ് ഭൂമിയാണെന്ന നിലപാട് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്‌നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് ഷാജിയുടെ പ്രസ്താവന.
മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ നടത്തിയ പ്രസ്താവനക്കെതിരെ ഷാജി രംഗത്തെത്തിയിരുന്നു. മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പറയാനാകില്ലെന്നും വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനെന്നുമായിരുന്നു ഷാജിയുടെ പ്രസ്താവന.
‘മുനമ്പം വിഷയം വലിയ ഒരു പ്രശ്നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമായ ഒരു കാര്യമല്ല. അതില്‍ വലിയ കോണ്‍ട്രോവേസികള്‍ക്ക് സാധ്യതയുണ്ട്. അത് വഖ്ഫ് ഭൂമിയല്ലെന്ന് ഇവിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലിം ലീഗിന് ആ അഭിപ്രായമില്ല. വഖ്ഫ് ഭൂമിയല്ലെന്ന് പറയാന്‍ പറ്റില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അത് വഖ്ഫ് ഭൂമിയല്ലെന്നാണ്. അത് പറയാന്‍ അവര്‍ക്കെന്താണ് അവകാശമുള്ളത്.’- ഇതായിരുന്നു ഷാജിയുടെ ചോദ്യം.