From the print
മുനമ്പം: വഖ്ഫ് ഭൂമി തന്നെ
പറവൂര്‍ കോടതിയില്‍ ഫാറൂഖ് കോളജ് നല്‍കിയ രേഖകള്‍ ട്രൈബ്യൂണലില്‍ ഹാജരാക്കി വഖ്ഫ് ബോര്‍ഡ്. ഇന്ന് വാദം കേള്‍ക്കും. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചു.

കോഴിക്കോട് | മുനമ്പം വഖ്ഫ് ഭൂമി കേസില്‍ ഫാറൂഖ് കോളജ് പറവൂര്‍ സബ്കോടതിയില്‍ വഖ്ഫാണെന്ന് കാണിച്ച് നല്‍കിയ രേഖകള്‍ വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ ഇന്നലെ മൂന്നംഗ വഖ്ഫ് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാക്കി. ഫാറൂഖ് കോളജ് നല്‍കിയ സത്യവാങ്മൂലത്തിന്റെ രണ്ട് കോപ്പികളാണ് ഹാജരാക്കിയത്. ട്രൈബ്യൂണല്‍ ഇത് ഫയലില്‍ സ്വീകരിച്ചു.
ഫാറൂഖ് കോളജ് മാനേജ്മെന്റിനു വേണ്ടി പറവൂര്‍ സബ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫാണെന്ന് പറയുന്നുണ്ടെന്ന് വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ. കെ എം മുഹമ്മദ് ഇഖ്ബാല്‍ ആവര്‍ത്തിച്ചു. ഭൂപരിഷ്‌കരണ നിയമത്തിന്റെ ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് താമസക്കാര്‍ വാദിച്ചപ്പോഴാണ് വഖ്ഫ് ഭൂമിയാണെന്ന് വാദമുയര്‍ത്തിയത്.
പറവൂര്‍ സബ്കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസില്‍ വഖ്ഫ് ബോര്‍ഡ് കക്ഷിയായിരുന്നില്ല. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചല്ലാതെ, സ്ഥലം ദാനമാണോ വഖ്ഫ് ആണോ എന്ന കാര്യം പറവൂര്‍ കോടതിയില്‍ വിഷയമായി വന്നിട്ടില്ലെന്ന് വഖ്ഫ് ബോര്‍ഡ് വാദിച്ചു. മുനമ്പം നിവാസികളുടേത് കൈയേറ്റമാണോ അവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. പുറമ്പോക്ക് ആയ സ്ഥലം തങ്ങളുടെ കൈവശമാണെന്നാണ് മുനമ്പം വാസികള്‍ വാദിച്ചിരുന്നത്. ഭൂമിയുടെ ആധാരം വഖ്ഫ് ആധാരമായാണ് രജിസ്റ്റര്‍ ചെയ്തതെന്നും വഖ്ഫ് അല്ലായെന്ന് കാണിക്കാനുള്ള തെളിവൊന്നും ട്രൈബ്യൂണല്‍ മുമ്പാകെ ഹരജിക്കാരായ ഫാറൂഖ് കോളജ് നല്‍കിയിട്ടില്ലെന്നും വഖ്ഫ് ബോര്‍ഡ് വാദിച്ചു.
വഖ്ഫ് ആധാരമായി ദൈവത്തിന്റെ നാമത്തിലാണ് ആധാരം എഴുതിയിരിക്കുന്നത്. ദാനം നല്‍കുന്ന ആധാരത്തില്‍ അങ്ങനെ കാണില്ല. എന്നാല്‍, വഖ്ഫ് ആധാരമാണെങ്കില്‍ സ്വത്ത് തിരിച്ചെടുക്കാമെന്ന് ആധാരത്തില്‍ കാണില്ലെന്നും വില്‍പ്പന നടത്താനുള്ള അവകാശം ഇല്ലെന്നുമാണ് ഫാറൂഖ് കോളജിന്റെ വാദം.
തിരിച്ചെടുക്കാമെന്ന് ആധാരത്തില്‍ പറയുന്നത് ഫാറൂഖ് കോളജിന് എന്തെങ്കിലും സംഭവിച്ചാല്‍ മുത്വവല്ലിയായി തങ്ങളെ പരിഗണിക്കണമെന്ന അടിസ്ഥാനത്തിലാണെന്നും വഖ്ഫ് സ്ഥലം വില്‍ക്കരുതെന്നുള്ള വിലക്ക് വന്നത് വഖ്ഫ് നിയമത്തില്‍ 1968ല്‍ ഭേദഗതി വന്ന ശേഷം മാത്രമാണെന്നുമാണ് ബോര്‍ഡിന്റെ വാദം. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖ്ഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജ് മാനേജ്മെന്റ് വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുനമ്പം വഖ്ഫ് ഭൂമി കേസില്‍ വഖ്ഫ് ജഡ്ജ് ജയരാജന്‍ ഉള്‍പ്പെട്ട മൂന്നംഗ വഖ്ഫ് ട്രൈബ്യൂണല്‍ മുമ്പാകെയുള്ള വാദം കേള്‍ക്കല്‍ ഇന്നും തുടരും. ഭൂമി വഖ്ഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള കേസില്‍, തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ സബ് കോടതിയും ഹൈക്കോടതിയും പറഞ്ഞ വിധികളെപ്പറ്റിയാണ് ഇന്നലെയും വാദം കേട്ടത്.
മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന വഖ്ഫ് ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖ്ഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ വിധിയും സംബന്ധിച്ച് ഇന്ന് വാദം കേള്‍ക്കും.