Kerala
മുനമ്പം വഖ്ഫ് ഭൂമി: കേരള മുസ്‌ലിം ജമാഅത്ത് രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി
രേഖകള്‍ പ്രകാരം വഖ്ഫാണെന്ന് തെളിയിക്കപ്പെട്ട 404.76 ഏക്കര്‍ ഭൂമിയില്‍ നിന്ന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് കമ്മീഷന്‍ ശിപാര്‍ശ ചെയ്യണം.
കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികള്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനു മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നു.
കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധികള്‍ ജസ്റ്റിസ് സി എം രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി. രേഖകള്‍ പ്രകാരം വഖ്ഫാണെന്ന് തെളിയിക്കപ്പെട്ട 404.76 ഏക്കര്‍ ഭൂമിയില്‍ നിന്ന് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് കമ്മീഷന്‍ ശിപാര്‍ശ ചെയ്യണമെന്ന് പ്രതിനിധികള്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു.
പ്രദേശത്ത് അവകാശവാദമുന്നയിക്കുന്ന അനധികൃത താമസക്കാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വഖഫ് സ്വത്തുക്കള്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നിയമവിരുദ്ധമായി വില്‍പന നടത്തിയതാണ്. ഫാറൂഖ് കോളജിന്റെ അനധികൃത കൈമാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന് വില്‍പനയുടെ വിശദമായ ഡാറ്റ കോളജ് മാനേജ്‌മെന്റില്‍ നിന്ന് നേടേണ്ടത് അത്യാവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
റിസോര്‍ട്ട് മാഫിയ, ഭൂമാഫിയ, രാഷ്ട്രീയ താത്പര്യ ഗ്രൂപ്പുകള്‍ എന്നിവര്‍ പ്രാദേശിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമാണ്. ഇത്തരം സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴങ്ങരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സംസ്ഥാന ദഅ്വ ഡയറക്ടര്‍ വി എച്ച് അലി ദാരിമി, സംസ്ഥാന കൗണ്‍സില്‍ അംഗം എ അഹമ്മദ്കുട്ടി ഹാജി, കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ സെക്രട്ടറി സലാം കൈതാരം എന്നിവരുടെ സംഘമാണ് കമ്മീഷന് നിവേദനം കൈമാറിയത്.