Connect with us

Kerala

മുനമ്പത്ത് ആരെയും കുടിയിറക്കില്ല; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കുമെന്ന് സമരക്കാര്‍. സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളി.

Published

|

Last Updated

തിരുവനന്തപുരം | മുനമ്പത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച വിഷയത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുനമ്പത്തെ നിലവിലെ താമസക്കാരെ ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്. മുനമ്പം സമര സമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്.

സമരത്തില്‍ നിന്ന് പിന്മാറണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി സമര സമിതി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു. അതേസമയം, ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ച മുനമ്പം സമരസമിതി പക്ഷെ, സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ഒപ്പം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.

ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രേഖകള്‍ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിക്കാന്‍ തീരുമാനിച്ച വിവരവും നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന സര്‍ക്കാറിന്റെ നിര്‍ദേശം വഖഫ് ബോര്‍ഡ് അംഗീകരിച്ച വിവരവും മുഖ്യമന്ത്രി സമരക്കാരെ യോഗത്തില്‍ അറിയിച്ചു. മുനമ്പത്തെ ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.

ഇതിനായി ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേര്‍ന്ന് ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്തും. നികുതി അടക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ചര്‍ച്ചയില്‍ റവന്യൂ മന്ത്രി കെ രാജന്‍, നിയമ മന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുര്‍റഹ്മന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരും വൈപ്പിന്‍ എം എല്‍ എ. കെ എന്‍ ഉണ്ണികൃഷ്ണന്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍, മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ബെന്നി, മുരുകന്‍ (എസ് എന്‍ ഡി പി), പ്രദേശവാസി പി ജെ ജോസഫ് പങ്കെടുത്തു.

 

Latest