Connect with us

From the print

മുനന്പം വഖ്ഫ് ഭൂമി; ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല

താമസക്കാരുടെ അവകാശം അംഗീകരിക്കും • 16ന് യോഗം ചേരും

Published

|

Last Updated

കൊച്ചി | മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖ്ഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് എം കെ സക്കീർ പറഞ്ഞു. ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്.
12 പേർക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. അവർക്ക് രേഖകൾ ഹാജരാക്കാം. ഇതു വഖ്ഫ് ബോർഡ് പരിശോധിക്കും. ആർക്കും രേഖകൾ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് 16ന് സർക്കാർ യോഗം ചേരും. അതിൽ രേഖകൾ നൽകും. സർക്കാർ എന്ത് തീരുമാനം എടുത്താലും അതംഗീകരിക്കുമെന്നും എം കെ സക്കീർ പറഞ്ഞു. കഠിനമായ ഒരു കാര്യവും ചെയ്തിട്ടില്ല. നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. ആധാരം ഉൾപ്പെടെ ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണ് നോട്ടീസ് അയക്കുന്നത്.
ഒട്ടേറെ പേരുടെ ഭൂമി വഖ്ഫ് അല്ലെന്ന് കണ്ടെത്തി വിടുതൽ നൽകിയിട്ടുണ്ട്.
ഭൂമി വഖ്ഫിന്റേതാണെന്ന് പറയുന്ന വഖ്ഫ് ബോർഡ് ചെയർമാൻ വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോർഡിനുള്ളതെന്നും വ്യക്തമാക്കി. ഇന്നും നാളെയുമായി വഖ്ഫ് ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്.
എന്നാൽ, ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചർച്ചയെന്നും സക്കീർ പറഞ്ഞു. ഈ വിഷയം 1962 ൽ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി തന്നെയാണിത്.
ഭൂമി വഖ്ഫിന്റേത് തന്നെയാണെന്നും ആ ഭൂമി സംരക്ഷിക്കുകയെന്നത് ബോർഡിന്റെ ചുമതലയാണെന്നും സക്കീർ പറഞ്ഞു.
വിഷയത്തിൽ വഖ്ഫ് ബോർഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലെന്നും ബാഹ്യശക്തികളുടെ ഇടപെടലുണ്ടോ എന്നറിയില്ലെന്നും പറഞ്ഞ ചെയർമാൻ വഖ്ഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും പറഞ്ഞു. മുസ്‌ലിം സമുദായം ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഭൂമി എടുക്കുകയല്ല ഇതെന്നും ഭൂമിയുടെ പേരിൽ സാമുദായിക സ്പർധ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.