Connect with us

Kerala

മുനവ്വറലി ശിഹാബ് തങ്ങളെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ; കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

മുനമ്പം വഖഫല്ലെന്ന് പറയാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു.

Published

|

Last Updated

കോഴിക്കോട്| മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ നേതൃത്തിനെതിരെ പോസ്റ്ററുകള്‍. മുനമ്പം വഖഫല്ലെന്ന് പറയാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. പുതു തലമുറ പാര്‍ട്ടിയെ നയിക്കട്ടെ, മുനവ്വറലി ശിഹാബ് തങ്ങളെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സമാനമായ പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. അതെല്ലാം ഉടന്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പരാമര്‍ശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തി. മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗില്‍ പല നേതാക്കളുടെയും പ്രതികരണങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടഭിപ്രായം ഉണ്ടെന്ന തരത്തിലായിരുന്നു അവയെല്ലാം.

പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കിയിരുന്നു. കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെയിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു. ഒടുവില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന് അറിയിച്ചിരുന്നു.

 

 

Latest