YOUTH LEAGE LEADERS
മുനവ്വറലി തങ്ങളും പി കെ ഫിറോസും യൂത്ത്‌ലീഗ് നേതൃത്വത്തില്‍ തുടരും; ടി പി അഷ്‌റഫലിക്ക് അവഗണന
തര്‍ക്കത്തിനൊടുവില്‍ പുതുതായി ആറംഗ സെക്രട്ടേറിയറ്റ്, ഹരിതകള്‍ക്ക് ഭാരവാഹിത്വമില്ല, സീനിയര്‍ വൈസ് പ്രസിഡന്റ് പോസ്റ്റ് ഒഴിവാക്കി
കോഴിക്കോട് | മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത്‌ലീഗിനെ മുനവ്വറലി ശിഹാബ് തങ്ങളും പി കെ ഫിറോസും വീണ്ടും നയിക്കും. പ്രായപരിധി കഴിഞ്ഞെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് മുനവ്വറലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പി കെ ഫിറോസിനേയും നിലനിര്‍ത്താന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ ട്രഷറര്‍ സമദിന് പകരം പുതിയ ട്രഷററായി ഇസ്മയില്‍ പി വയനാടിനെ തിരഞ്ഞെടുത്തു. കെ എം ഷാജിയുടെ നോമിനിയായാണ് ഇസ്മയില്‍ സ്ഥാനം ഉറപ്പിച്ചത്. നജീബ് കാന്തപുരം എം എല്‍ എ വഹിച്ച സീനിയര്‍ വൈസ് പ്രസിഡന്റ് പോസ്റ്റ് പുതിയ കമ്മിറ്റി ഒഴിവാക്കി.
ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് ടി പി അഷ്റഫലിയുടെ പേര് നിര്‍ദേശിച്ചെങ്കിലും പാണക്കാട് സാദിഖലി തങ്ങളുടെ എതിര്‍പ്പിനാല്‍ ഇത് നടപ്പായില്ല. മുന്‍ ഹരിത ഭാരവാഹികള്‍ക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചതാണ് അഷ്‌റഫലിക്ക് വിനയായത്. അഷ്‌റഫലി വിഷയം വലിയ തര്‍ക്കത്തിലെത്തിയതോടെ പ്രശ്‌ന പരിഹാരത്തിന് ആറംഗ സെക്രട്ടേറിയറ്റ് രൂപവത്ക്കരിച്ച് ഇതില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ സീനിയര്‍ വൈസ് പ്രസിഡന്റ് പോസ്റ്റുണ്ടാക്കിയത് പോലെ യൂത്ത്‌ലീഗ് ഭരണഘടനയില്‍ ഇല്ലാത്തതാണ് സീനിയര്‍ വൈസ് പ്രസിഡന്റ് പോസ്റ്റ്.
വൈസ് പ്രസിഡന്റുമാരായി മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരും സെക്രട്ടറിമാരായി സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ വേണ്ടെന്ന തീരുമാനമെടുത്തു. പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കിയിട്ടുണ്ട്.