Kerala
മുണ്ടക്കൈ കേന്ദ്ര വായ്പ; സമയബന്ധിതമായി ചെലവഴിക്കാന്‍ തിരക്കിട്ട നീക്കം
ഉപാധിയില്‍ ഇളവ് ആവശ്യപ്പെടാനുള്ള ആലോചനയും നടക്കുന്നുണ്ട്
![](https://assets.sirajlive.com/2024/08/mundakkai-897x538.jpg)
വയനാട് | മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 530.50 കോടി വായ്പാ മാര്‍ച്ചിനുള്ളില്‍ ചെലവഴിക്കണമെന്ന നിര്‍ദ്ദേശം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങള്‍. ഉപാധിയില്‍ ഇളവ് ആവശ്യപ്പെടാനുള്ള ആലോചനയും നടക്കുന്നുണ്ട്.
സഹായം പാഴാകാതിരിക്കാന്‍ നടത്തിപ്പ് വേഗത്തിലാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ തല യോഗം ഉടന്‍ ചേരും. മാര്‍ച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പ്രായോഗിക തടസ്സങ്ങളെ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഉന്നത യോഗങ്ങള്‍ ചേരും.
ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ചേര്‍ത്ത ശേഷം ധന, റവന്യു, പൊതുമരാമത്തടക്കം 16 പദ്ധതികളുടെ ഭാഗമായ മുഴുവന്‍ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. നടപടി പ്രക്രിയകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഭരണാനുമതി നല്‍കി പരമാവധി പണം ചെലവഴിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. മാര്‍ച്ച് 31ന് നടത്തിപ്പുകള്‍ പൂര്‍ണമാവില്ലെന്നും അക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപെടുത്താമെന്നുമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
പുനരധിവാസത്തിന് പ്രത്യേക ഗ്രാന്‍ഡ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. സ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപങ്ങള്‍ക്കായി അനുമതിക്കുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് അനുവദിച്ചത്.