Connect with us

Kerala

മുണ്ടക്കൈ, ചൂരല്‍മല; ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തറക്കല്ലിടും

കല്‍പ്പറ്റ മേപ്പാടിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍

Published

|

Last Updated

കല്‍പ്പറ്റ | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയുടെ പുനര്‍ നിര്‍മ്മാണ പുനരധിവാസ പ്രക്രിയക്കു തുടക്കം കുറിച്ച് നാളെ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.
കല്‍പ്പറ്റ മേപ്പാടിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍. ഇതോടെ ദുരന്തമേഖലയുടെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കും. ലോകത്തിനു മുന്നില്‍ കേരളം സമര്‍പ്പിക്കുന്ന പുതിയൊരു മാതൃകയായിരിക്കും ഈ പുനരധിവാസ പദ്ധതിയെന്നു റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

2024 ജൂലൈ 30 ന് ദുരന്തമുണ്ടായതു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഓരോ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ആ നാടിനെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ളതാണ്. ജാതി, മത, രാഷ്ട്രീയ, വര്‍ണ, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യരും അതിനൊപ്പം നിന്നു. അതില്‍ യുവജന സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യത്വത്തിന്റെ സാന്നിധ്യം ദുരന്ത നിവാരണ പ്രക്രിയയില്‍ ഒരു കേരള മോഡല്‍ സൃഷ്ടിച്ചു.

കാണാതായവരെ കണ്ടെത്തല്‍, മരിച്ചവരെ തിരിച്ചറിയല്‍, അവരെ സംസ്‌ക്കരിക്കല്‍, അവരുടെ കുടുംബങ്ങളെ കണ്ടെത്തല്‍, ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളിലേക്ക് പാര്‍പ്പിക്കല്‍ തുടങ്ങിയ ശ്രമകരമായ പ്രക്രിയ നടന്നു. ക്യാമ്പുകളില്‍ കഴിഞ്ഞവരെ താല്‍കാലിക സഹായങ്ങള്‍ ഒരുക്കി ഓഗസ്റ്റ് 23നകം പൂര്‍ണമായും വാടക വീടുകളിലേക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലേക്കുമായി മാറ്റി പാര്‍പ്പിച്ചു. ഇതോടെ സര്‍ക്കാര്‍ പുനരധിവാസ പ്രക്രിയയുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരം വൈകി എന്ന ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ പുനരധിവാസത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ചത് കൃത്യമായ ധാരണകളും വീക്ഷണവുമാണ് എന്ന് മനസിലാക്കാനാവും. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നിശ്ചിത സംഖ്യ നല്‍കി ഒരു കടമ്പ പൂര്‍ത്തിയാക്കി അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആദ്യം ദുരന്ത ബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കേണ്ട ഇടങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
ലോക ചരിത്രത്തില്‍ ആദ്യമായി, ദുരന്ത ബാധിതരോട് തന്നെ ഇതേ കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണു ക്യാമ്പുകളിലും പൊതു ഇടങ്ങളിലും നേരിട്ടെത്തി അഭിപ്രായങ്ങള്‍ ആരാഞ്ഞു. അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്, ദുരന്തം ഞങ്ങളില്‍ പലരെയും അകറ്റി, പുനരധിവസിപ്പിക്കുമ്പോള്‍ ഞങ്ങളെ പിരിക്കരുത്, എല്ലാവരും അടുത്തടുത്ത് താമസിക്കും വിധം ഒരിടം മതി എന്നാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതു സ്ഥലം കണ്ടെത്തണം എന്ന ആശയത്തിലേക്ക് വന്നു. ഇത് മുന്‍ നിര്‍ത്തി ഒരു ടൗണ്‍ഷിപ്പിലേക്ക് ഇവരെ എല്ലാം പാര്‍പ്പിക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി. ഭൂമി കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കാന്‍ പറ്റുന്ന നാടല്ല, ഭൂ പ്രകൃതി കൊണ്ട് വയനാട്. അധികവും തോട്ടങ്ങളാണ്. ജന്മം കൊണ്ട ഭൂമികളില്ല എന്നതും വെല്ലുവിളി ആയി. വാങ്ങിയാല്‍ തന്നെ പലയിടങ്ങളിലായി പാര്‍പ്പിക്കേണ്ടി വരും. എന്നാല്‍ എല്ലാവര്‍ക്കും അടുത്തടുത്ത് താമസിക്കണം എന്ന അവരുടെ ആഗ്രഹം നിറവേറ്റണം എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഉയര്‍ന്നതാണ് ടൗണ്‍ഷിപ്പ് എന്ന ആശയം.

ഇതിന് സുരക്ഷിതമായ ഭൂമി കണ്ടെത്തണം എന്ന് തീരുമാനിച്ചു. 25 എസ്റ്റേറ്റുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. സൂക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റുകളിലേക്ക് ശ്രദ്ധ ചുരുക്കി. ഇതില്‍ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയില്‍ എല്‍സ്റ്റോണും നെടുമ്പാലയും നിശ്ചയിച്ചു. ദുരന്തമുണ്ടായി 63-ാമത്തെ ദിവസം ഒക്ടോബര്‍ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാന്‍ കേരള മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. പിറ്റേന്ന്, ഒക്ടോബര്‍ നാലാം തീയതി തന്നെ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു. അന്ന് തന്നെ നിര്‍മ്മാണ വര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കാനാവും എന്ന് പ്രതീക്ഷിച്ചു.

നിര്‍ഭാഗ്യവശാല്‍ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങള്‍ തടസമായി മുന്നില്‍ വന്നു. രണ്ടരമാസം പിന്നിട്ട്, ഡിസംബര്‍ 27നാണ് സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബര്‍ നാലിലെ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്. കോടതി വ്യവഹാരങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമായി ഇരുന്നില്ല. ഇതേ ഭൂമി തന്നെ ലഭ്യമാകും എന്ന പ്രതീക്ഷയില്‍ പുറത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി, അവിടെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ സംവിധാനങ്ങളെക്കുറിച്ച് പൂര്‍ണമായ പഠനങ്ങള്‍ തുടര്‍ന്നു. രൂപരേഖയും തയ്യാറാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ഡിസംബര്‍ 27ന് കോടതിയില്‍ നിന്ന് ലഭിച്ച് നാല് ദിവസം കഴിഞ്ഞ് ജനുവരി ഒന്നിന് തന്നെ ആ രൂപരേഖ അവതരിപ്പിച്ചു.

ഏറ്റെടുക്കുന്ന ഭൂമി, അതില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, അതിന്റെ പൊതുസ്വഭാവം, അതിലെ മറ്റു നിര്‍മ്മിതികള്‍, നിര്‍വഹണ ഏജന്‍സികള്‍ ഏത് എന്നടക്കം ഏറ്റവും കൃത്യമായ വീക്ഷണത്തിലുള്ള രൂപരേഖയാണ് സമര്‍പ്പിച്ചത്. കോടതി വ്യവഹാരം നടക്കുന്നതിനാല്‍ ഭൂമിയില്‍ പ്രവേശിച്ചുള്ള നടപടികള്‍ക്ക് വിലക്കുണ്ടായിരുന്നു. ജനുവരി രണ്ടിന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, ഹൈഡ്രോളജിക്കല്‍ സര്‍വെ, ടോപ്പോഗ്രാഫിക്കല്‍ സര്‍വെ, ജിയോളജിക്കല്‍ സര്‍വെ, മണ്ണ് പരിശോധന എന്നിവ അടിയന്തരമായി പൂത്തീകരിക്കാന്‍ തീരുമാനിച്ചു. ഇതോടൊപ്പാം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുക എന്ന നടപടിയും ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് വില നല്‍കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിനിടെ വീണ്ടും കോടതിയില്‍ കേസ് വന്നു.

ഇതിന്റെ നടപടിക്രമങ്ങള്‍ തുടരുമ്പോഴും ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേ ഇല്ലെന്നും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചുള്ള തുക വിശദാംശങ്ങള്‍ സഹിതം കെട്ടിവയ്ക്കാമെന്നും ഉദ്ഘാടന ചടങ്ങുള്‍പ്പടെ ഭൂമിയില്‍ നടത്താമെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍സ്‌ട്രോണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കേരള ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ചതു പോലെ, ഈ സാമ്പത്തിക വര്‍ഷം തന്നെ വീട് നഷ്ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കും. ഗവര്‍ണര്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പൂര്‍ണമായും പാലിക്കും. ഇതിനായി വീടുകള്‍ നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പട്ടികയാണ് ഒന്നാം പാദത്തില്‍ തയ്യാറാക്കിയത്.

രണ്ടാം പാദം – എ എന്ന വിഭാഗത്തില്‍ തയ്യാറാക്കിയത് ഭൗമശാസ്ത്ര സംഘം ഇനി പ്രവേശിക്കാന്‍ കഴിയില്ല (നോ ഗോ സോണ്‍) എന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയാണ്. ഈ പ്രദേശങ്ങളോട് ചേര്‍ന്ന് 50 മീറ്ററിനകത്തുള്ളതും ഒറ്റപ്പെട്ട് നില്‍ക്കുന്ന വീടുകളുടെ പട്ടിക രണ്ടാം പാദം – ബി എന്ന വിഭാഗത്തിലും തയ്യാറാക്കി. ഇതെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയതാണ്. ഈ പട്ടിക പൊതു ഇടങ്ങളില്‍ പ്രസിദ്ധീകരിച്ച് 10 ദിവസക്കാലം ആക്ഷേപങ്ങളും പരാതികളും കേള്‍ക്കാന്‍ അവസരം ഒരുക്കിയിരുന്നു.

റവന്യൂ, പഞ്ചായത്ത് വകുപ്പുകള്‍ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. ഇനിയും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളും അല്ലാതെയുള്ള പരാതികളും സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ അക്കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും.
പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടര്‍ന്നു. ഓരോ മേഖലയിലും ഉള്ള ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന വിധം മൈക്രോ പ്ലാന്‍ തയ്യാറാക്കി. 1038 പേര്‍ ഉള്‍ക്കൊള്ളുന്ന മൈക്രോ പ്ലാന്‍ ആണ് തയ്യാറാക്കിയത്. കുട്ടികളുടെ പുനരധിവാസ പ്രക്രിയയുടെ കാര്യത്തിലും ഒരു കേരള മോഡല്‍ പാക്കേജ് തയ്യാറാക്കി.

പുനരധിവാസത്തിന്റെ ഭാഗമായ ഒരു വിദ്യഭ്യാസ പാക്കേജ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍, ഒരു രക്ഷകര്‍ത്താവ് മാത്രമായി അവശേഷിച്ച 14 കുട്ടികള്‍, അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 24 കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണ്. ഇവരില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ വീതവും ഒരു രക്ഷകര്‍ത്താവ് മാത്രമുള്ള കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും തുടര്‍ പഠനത്തിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു. ഇതിനു പുറമെ ഓരോരുത്തരുടെയും പേരില്‍ രണ്ടര ലക്ഷം രൂപ വീതം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സഹായമായി മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചു.

യൂണിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസ്സുവരെ പഠിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാടക കൊടുക്കേണ്ടി വന്നാല്‍ അതിനായി 4,000 രൂപ വീതം 24 പേര്‍ക്കുമായി നിശ്ചയിച്ചു. ലാപ്‌ടോപ് ഉള്‍പ്പടെ പഠന സഹായികള്‍ തീരുമാനിച്ചു.ചികിത്സാ സഹായങ്ങളുടെ കാര്യത്തിലും ഒരു പാക്കേജ് തയ്യാറാക്കിട്ടുണ്ട്. പുനരധിവസിപ്പിക്കുന്നവരുടെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുന്നതിന് മൂന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ ചികിത്സ എവിടെയാണ് നല്‍കേണ്ടത് എന്ന് നിശ്ചയിച്ചിട്ടുള്ളത്, അവിടെ നിന്ന് വിദഗ്ധ ചികിത്സ സ്വകാര്യ ആശുപത്രിയിലേക്കാണ് നിര്‍ദ്ദേശിക്കുന്നതെങ്കില്‍, അവിടത്തെ ബില്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് സി എം ഒ മുഖാന്തിരം റീ ഇമ്പേഴ്‌സ് ചെയ്ത് നല്‍കാന്‍ അനുവാദം നല്‍കി. ഇതുവരെ നടത്തിയ ചികിത്സയുടെ ബില്‍ റീ ഇമ്പേഴ്‌സ് ചെയ്യും.

തുടര്‍ന്നുള്ളവ ആശുപത്രി അധികൃതര്‍ക്ക് നല്‍കും. സമഗ്രമായ ചൂരല്‍മലയുടെ പുനര്‍ നിര്‍മ്മാണത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. അവിടെ തകര്‍ന്നു പോയ മുഴുവന്‍ റോഡുകളും പാലങ്ങളും, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ടൗണിന്റെ പുനര്‍നിര്‍മാണം തുടങ്ങി, മരിച്ചവരെ തിരിച്ചു കൊടുക്കാന്‍ കഴിയുന്നതൊഴിച്ചാല്‍, മറ്റെല്ലാ കാര്യത്തിലും സമഗ്രമായ പുനര്‍ നിര്‍മ്മാണ, പുനരധിവാസ പ്രക്രിയയാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാരം നഷ്ടപ്പെട്ടവരെ ആ രംഗത്തേക്ക് തിരിച്ചു കൊണ്ടു വാരാനുള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. ഇത് തുടരും; കിട്ടാവുന്ന മുഴുവന്‍ പേരെയും ഇതില്‍ സഹകരിപ്പിക്കുകയും ചെയ്യും.

ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 298 ആളുകളുടെ മരണത്തിന് വഴിവച്ച ഒരു ദുരന്തവും സമീപഭൂതകാലത്ത് നാം എവിടെയും കണ്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ആളുകളെ പുനരധിവസിപ്പിക്കാനും പ്രദേശത്തെ പുനര്‍ നിര്‍മിക്കാനും ഉള്ള ഒരു മോഡലും ഇന്ത്യയില്‍ എവിടെയും ഈ വിധത്തില്‍ തയ്യാറായിട്ടുമില്ല. അതുകൊണ്ടാണ് കേരളം പുതിയൊരു മോഡലിനെ തേടിയത്.2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍, ആ സ്ഥലത്തെ മുഴുവന്‍ ആളുകളുടെയും കടങ്ങള്‍ എഴുതി തള്ളാന്‍ അവസരം ഉണ്ട്. ഇക്കാര്യത്തില്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല.

കേരളം ഇതിനായി കാത്തിരുന്നില്ല. സംസ്ഥാനത്തിന്റെ ബാങ്കായ കേരള ബാങ്കിന്റെ ശാഖകളില്‍ ഉണ്ടായിരുന്ന ദുരന്ത മേഖലയിലെ മുഴുവന്‍ കടങ്ങളും എഴുതി തള്ളി. സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ (എസ്എല്‍ബിസി) മുഖ്യമന്ത്രി നേരിട്ട് അഭ്യര്‍ത്ഥന നടത്തി. ഇതു സംബന്ധിച്ച തീരുമാനം എടുക്കാവുന്ന കമ്മിറ്റിയുടെ യോഗം വീണ്ടും ചേരുകയാണ്. അവിടെയും തീരുമാനം ഉണ്ടായില്ലെങ്കില്‍ ദുരന്ത ബാധിതരില്‍ കടക്കാരെ കേരളം ഒറ്റപ്പെടുത്തില്ല. അവരെ പൂര്‍ണമായും സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. ഇവരുടെ കണക്കെടുത്തു കഴിഞ്ഞു; 759 കുടുംബങ്ങളിലായി 1,275 അക്കൗണ്ടുകളിലാണ് ദുരന്ത മേഖലയിലെ ആളുകളുടെ വിവിധങ്ങളായ കടങ്ങള്‍ നിലവിലുള്ളത്.

കടക്കാരുടെ പട്ടിക പോലെ ജോലി നഷ്ടപ്പെട്ടവരുടെയും വ്യാപാരികളുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പുതിയ വീടുകളിലേക്ക് താമസം ഉറപ്പിക്കും വരെ മുഴുവന്‍ വാടകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഇങ്ങനെ സമഗ്രവും വിപുലവുമായ പുനര്‍നിമ്മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളം ഒരു ദുരന്തത്തിന്റെ മുന്നിലും പേടിച്ചു നില്‍ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സഹായം തരാത്ത ഘട്ടത്തില്‍ പോലും ഭീതിയോടെ നില്‍ക്കലല്ല, മറിച്ച് ഇതിനെയും അതിജീവിക്കുമെന്ന് ഉറപ്പോടെ ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി, ലോകം ശ്രദ്ധിക്കുന്ന ദുരന്ത നിവാരണ പുനര്‍നിര്‍മാണ, പുനരധിവാസ പ്രക്രിയയുടെ ഒരു കേരള മോഡല്‍ സൃഷ്ടിക്കുകയാണ്- മന്ത്രി വിശദമാക്കി.

 

Latest